തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ബീരിച്ചേരി 256-ാം നമ്പർ റെയിൽവേ ലെവൽ ക്രോസിൽ കാണുന്ന കാഴ്ച ഭീതിജനകമാണ്. നാൽപ്പതിലധികം ബസുകളും മറ്റു നൂറുകണക്കിന് വാഹനങ്ങളും നിത്യേന കടന്നുപോകുന്ന ഈ ഗേറ്റിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സൂക്ഷിച്ചാലും ഗുരുതര പരിക്കേൽക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കുള്ളിൽ ബൈക്കുകളിലും സ്കൂട്ടറുകളിലുംനിന്ന് വീണ് പരിക്കേറ്റവർ ആറ് പേരാണ്.
ഇന്നലെ മാത്രം വീണ് പരിക്കേറ്റവരുടെ എണ്ണം മൂന്ന്. അതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. വിവിധ ആശുപത്രികളിൽ ഇവരൊക്കെ ചികിത്സ തേടിയെങ്കിലും പരാതി നൽകാൻ ആരും മെനക്കെട്ടില്ല. ഇരു ട്രാക്കുകൾക്കിടയിൽ നിരത്തിയ കോൺക്രീറ്റ് കട്ടകൾ ഇളകിയിരിക്കുകയാണ്. ലെവൽ ക്രോസിൽ കയറുന്ന ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
റെയിൽവേ അധീനതയിലുള്ള റോഡിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ട സമയത്ത് നടത്താതെയും ഇളകിയ കട്ടകൾ ഉറപ്പിക്കാതെയും വാഹനാപകടത്തിന് വഴിയൊരുക്കുന്നതിൽ നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങാൻ ഒരുങ്ങുകയാണ്. ഇതിന്റെ മുന്നോടിയായി പയ്യന്നൂരിലെത്തിയ റെയിൽവേ അധികൃതർക്ക് നാട്ടുകാർ പരാതി നൽകി. വലിയ അപകടം വരുന്നതിനു മുമ്പേ റെയിൽവേ ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ അവ ഉറപ്പിക്കണമെന്നതാണാവശ്യം.
ബീരിച്ചേരി റെയിൽവേ ലെവൽക്രോസിൽ കോൺക്രീറ്റ് കട്ടകൾ ഇളകി; പ്രതിഷേധവുമായി നാട്ടുകാർ
01:20 AM Oct 07, 2018 | Deepika.com