കാഞ്ഞങ്ങാട്: രാജ്യത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്നതായിരിക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പെന്ന് കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷൻ കെ.മുരളീധരൻ എംഎൽഎ. പുല്ലൂർ-പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരിയയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കണ്ടെത്തുമെന്ന് ഭയന്നാണ് റഫേൽ വിമാന ഇടപാട് അന്വേഷണത്തിനുത്തരവിടാൻ കേന്ദ്രം ഭയക്കുന്നത്. മോദി സന്ദർശിക്കുന്ന രാജ്യങ്ങളെയെല്ലാം ശത്രുക്കളാക്കിക്കൊണ്ടിരിക്കയാണ്.
മുപ്പത് ഡാമുകൾ തുറന്നു വിട്ട് പ്രളയമുണ്ടാക്കിയതുപോലെ മദ്യനിർമാണ കമ്പനികൾ തുടങ്ങി മദ്യപ്രളയമുണ്ടാക്കാനുള്ള തയാറെടുപ്പിലാണ് പിണറായി വിജയനെന്നും മുരളീധരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ , കെപിസിസി ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ, പി.കെ.ഫൈസൽ, ബാലകൃഷ്ണൻ പെരിയ, സാജിദ് മൗവ്വൽ, എൻ.മഹേന്ദ്ര പ്രതാപ് ,വി.കണ്ണൻ, കെ.വി.ഗോപാലൻ, കെ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
കെ.മുരളീധരന് സ്വീകരണം നൽകി
01:20 AM Oct 07, 2018 | Deepika.com