കാഞ്ഞങ്ങാട്: വിഷു ആഘോഷത്തിന്റെ ഭാഗമായി വീട്ടുമുറ്റത്ത് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി അയല്ക്കാരന്റെ വീട്ടിലേക്ക് സംഘം അതിക്രമിച്ചു കയറി അക്രമം നടത്തുകയും വാഹനങ്ങളും ജനല്‍ച്ചില്ലുകളും വീട്ടുസാധനങ്ങളും തകര്‍ക്കുകയും മനഃപൂര്‍വം വര്‍ഗീയലഹള സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസില്‍ അഞ്ചുപേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
മഡിയന്‍ പാലക്കിയിലെ അബ്ദുള്ബാസി (ബാദിഷ് -32), ഷൗക്കത്തലി (ഷൗക്കത്ത്-32), പി.കാത്തീം(22), ലത്തീഫ് (സിദ്ദിഖ്-34), ആതിരാന് (അബ്ദുള്‍റഹിമാന്‍-37) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഇതില്‍ ലത്തീഫ്, ആതിരാന് എന്നീ പ്രതികള്‍ ഒളിവിലാണ്.
2013 ഏപ്രില്‍ 14 ന് രാത്രി പാലക്കിയിലെ നിര്‍മാണത്തൊഴിലാളി പി.കരുണന്റെ വീട്ടുമുറ്റത്ത് കുട്ടികള്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെച്ചൊല്ലി രാത്രി ഒരുമണിയോടെ സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ വര്‍ഗീയ ലഹളക്ക് പ്രേരിപ്പിക്കും വിധം പ്രകോപനപരമായി സംസാരിക്കുകയും അക്രമം നടത്തുകയും ചെയ്തുവെന്നാണ് പരാതി. വര്‍ഗീയ സംഘര്‍ഷം സംബന്ധിച്ച കേസായതിനാല്‍ സര്‍ക്കാര്‍ അനുമതിയോടെയേ കുറ്റപത്രം നല്‍കാനാവൂ എന്നതിനാലാണ് കുറ്റപത്രം വൈകിയത്. കഴിഞ്ഞദിവസം അനുമതി ലഭിച്ചതോടെയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വര്‍ഗീയ സംഘര്‍ഷ നീക്കം; അഞ്ചുപേര്‍ക്കെതിരേ കുറ്റപത്രം
01:20 AM Oct 07, 2018 | Deepika.com