മാഹി: അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളി ടൗണില്‍ കടവരാന്തയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അജ്ഞാതൻ മരിച്ച സംഭവത്തിലെ പ്രതിയെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ബട്ട കോട്ട വീട്ടിൽ കുമാറാ (36)ണ് അറസ്റ്റിലായത്. വടകര ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 17ന് രാവിലെയാണ് ചോരവാര്‍ന്ന് അബോധാവസ്ഥയിലായയാളെ നാട്ടുകാർ കടവരാന്തയിൽ കണ്ടെത്തിയത്.
ആദ്യം വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമികചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 28ന് മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആന്തരികാവയവത്തിലെ രക്തസ്രാവമാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പോലീസ് കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ പ്രതിയെപ്പറ്റി ഏകദേശ വിവരം ലഭിച്ചു. തുടർന്നാണ് മാഹിയിൽ വച്ച് കുമാര്‍ പിടിയിലാകുന്നത്. മരിച്ചയാളുടെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുഞ്ഞിപ്പള്ളി കൊലപാതകം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
01:11 AM Oct 07, 2018 | Deepika.com