ഉപ്പുതറ: നെൽവയൽ വസന്തത്തിനായി വളകോട് പുളിങ്കട്ടയിൽ കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽ വിത്തുവിതച്ചു. 16 വർഷമായി തരിശായിക്കിടന്ന പാടശേഖരമാണ് സമൃദ്ധിക്കായി ഒരുങ്ങുന്നത്. ഉപ്പുതറ പഞ്ചായത്തിൽ സമൃദ്ധമായി നെല്ലുവിളഞ്ഞിരുന്ന പാടശേഖരമാണ് പുളിങ്കട്ടയിലേത്. എന്നാൽ പുതുതലമുറ നെൽകൃഷി പാടേ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഏക്കറുകണക്കിന് പാടശേഖരമാണ് തരിശായിക്കിടന്നിരുന്നത്. കറുകയും തകരയും പൂത്തുലഞ്ഞു കിടക്കുകയായിരുന്നു.
എന്നാൽ വിഷവിമുക്തമായ അരിയുണ്ടാക്കാൻ മറ്റു മാർഗങ്ങളില്ലാതെവന്നതോടെ 10 കർഷകർചേർന്ന് ഒരു കർഷകകൂട്ടായ്മക്ക് രൂപംനൽകി. ഈ കൂട്ടായ്മ തൊടുപുഴയിൽനിന്നും വിദഗ്ധരായ തൊഴിലാളകളെ എത്തിച്ച് പാടശേഖരം വിത്തെറിയാൻ പാകത്തിൽ ഒരുക്കി. അഞ്ചേക്കറോളം പാടം മാസങ്ങളോളം പണിയെടുത്താണ് വിത്തുവിതയ്ക്കാൻ പാകത്തിലാക്കിയത്.
പാടങ്ങളും നെല്ലുമെല്ലാം പുത്തൻ അനുഭവമാണ് പുതിയ തലമുറയ്ക്ക് സമ്മാനിച്ചത്. ഒരുവർഷം രണ്ട് കൃഷിയിറക്കിയ പാടമാണ് ഉപേക്ഷിച്ചിട്ടിരുന്നത്. ഈവർഷം ഒരു കൃഷിയെങ്കിലും ഇറക്കണമെന്ന ആഗ്രഹവുമായാണ് കർഷകർ പാടത്തിറങ്ങിയിരിക്കുന്നത്. ഇവരുടെ ഉദ്യമത്തിന് കൃഷി ഓഫീസർ ബിനുമോനും പഞ്ചായത്ത് പ്രസിന്റായിരുന്ന സജിമോനും ഉറച്ച പിന്തുണ നൽകുന്നുണ്ട്.
അഞ്ചേക്കർ സ്ഥലത്താണ് ആദ്യമായി കൃഷി ആരംഭിക്കുന്നത്. തുടർന്ന് മറ്റു പാടങ്ങളും കൃഷിയോഗ്യമാക്കി കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. കർഷകരായ പുത്തൂർ ജോയി, കിഴക്കേക്കര കെ.ജെ. സുകുമാരൻ എന്നിവരാണ് നേതൃത്വംനൽകുന്നത്. വിത്തെറിയാൻ പാകത്തിലാക്കിയ പാടത്ത് വിത്തെറഞ്ഞ് ഉപ്പുതറ സഹകരണബാങ്ക് പ്രസിഡന്റ് സജി ടൈറ്റസ് ഉദ്ഘാടനംചെയ്തു. കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൂസൻ ബഞ്ചമിൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ സത്യനാഥ്, അന്പിളി സുകുമാരൻ, ഉഷനന്ദിനി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
നെൽവയൽ സമൃദ്ധിക്കായി കർഷക കൂട്ടായ്മ വിത്തെറിഞ്ഞു
10:17 PM Sep 27, 2018 | Deepika.com