ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ പരാതിയിൽ അന്വേഷണം പൂർത്തിയാക്കാൻ പോലീസിനെ അനുവദിക്കണമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. കേന്ദ്രസർക്കാർ ഗുസ്തിതാരങ്ങൾക്കൊപ്പമാണെന്നും കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ താരങ്ങൾ എടുത്തുചാടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദിസർക്കാർ കായികമേഖലയ്ക്കായി 2782 കോടി രൂപയുടെ ബജറ്റാണ് പ്രഖ്യാപിച്ചത്. കായികതാരങ്ങൾ പ്രതീക്ഷിച്ചതിലും വലിയ കാര്യങ്ങൾ മോദിസർക്കാർ ഈ രംഗത്തു ചെയ്തിട്ടുണ്ട്. ഗുസ്തിതാരങ്ങളുടെ പരാതി ലഭിച്ചതിനു പിന്നാലെ കായികമന്ത്രാലയം അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഗുസ്തി താരങ്ങളുടെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചിട്ടുണ്ടെന്നും കായികമന്ത്രി കൂട്ടിച്ചേർത്തു.
കർഷക സംഘടനകളുടെ യോഗം ഇന്ന്
ന്യൂഡൽഹി: ലൈംഗികാരോപണ പരാതിയിൽ ബ്രിജ് ഭൂഷൺ സിംഗിനെതിരേയുള്ള പ്രതിഷേധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കർഷകസംഘടനകൾ യുപിയിലെ മുസാഫർനഗറിൽ ഇന്നു യോഗം ചേരും. ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്തിന്റെ നേതൃത്വത്തിൽ സൗരം പട്ടണത്തിലാണ് കർഷകനേതാക്കളും ഗുസ്തിതാരങ്ങളും യോഗം ചേരുന്നത്.
എടുത്തുചാടരുതെന്ന് താരങ്ങളോട് അനുരാഗ് സിംഗ് ഠാക്കൂർ
01:48 AM Jun 01, 2023 | Deepika.com