ന്യൂഡൽഹി: ലൈംഗികപീഡനക്കേസുമായി ബന്ധപ്പെട്ടു ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങൾ. നുണപരിശോധനയ്ക്കു വിധേയരാക്കാൻ താരങ്ങൾ തയാറാണെന്നു ഗുസ്തിതാരമായ വിനേഷ് ഫോഗട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.
പെണ്മക്കളോടുള്ള അയാളുടെ ക്രൂരത രാജ്യം മുഴുവൻ അങ്ങനെ അറിയുമെന്നും ഫോഗട്ട് പറഞ്ഞു. തനിക്കെതിരേ പ്രതിഷേധിക്കുന്ന താരങ്ങൾ നുണപരിശോധനയ്ക്കു തയാറാകുകയാണെങ്കിൽ താനും അതിനു സമ്മതിക്കാമെന്ന് കഴിഞ്ഞദിവസം ബ്രിജ് ഭൂഷണ് പറഞ്ഞിരുന്നു.
നാർകോ ടെസ്റ്റ് നടത്താൻ ഗുസ്തി താരങ്ങൾ നേരത്തെതന്നെ സമ്മതം അറിയിച്ചതാണെന്ന് ബജ്രരം പുനിയ പറഞ്ഞു. എന്നാൽ ടെസ്റ്റ് നടത്തുന്നത് സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരിക്കണം. കൂടാതെ പരിശോധന രാജ്യം മുഴുവൻ ലൈവായി സംപ്രേഷണം ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണ് രണ്ടാളുകളോടാണു നാർകോ ടെസ്റ്റിന് വിധേയരാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ പരാതിക്കാരായ ഏഴുപേരും അതിനു തയാറാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബ്രിജ് ഭൂഷണിന്റെ ലക്ഷ്യമെന്നും പുനിയ ആരോപിച്ചു.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഈ മാസം 28ന് പാർലമെന്റിനു പുറത്ത് മഹിളാ പഞ്ചായത്ത് നടത്തുമെന്ന് കഴിഞ്ഞദിവസം താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഗുസ്തി താരങ്ങൾ കഴിഞ്ഞ ഏപ്രിൽ 23 മുതൽ ജന്തർമന്തറിൽ പ്രതിഷേധത്തിലാണ്.
ബ്രിജ് ഭൂഷൺ സിംഗിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങൾ
12:17 AM May 23, 2023 | Deepika.com