ന്യൂഡൽഹി: നോട്ട് എണ്ണുന്ന യന്ത്ര പരാമർശം പാർലമെന്റിൽ തമാശയോടെ നേരിട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗദീപ് ധൻകർ.
കൈ കൊണ്ട് നോട്ട് എണ്ണുന്ന രീതി മാറ്റി ഇപ്പോൾ നോട്ട് എണ്ണുന്ന യന്ത്രം ഉപയോഗിച്ചു തുടങ്ങിയെന്നു ധൻകർ തന്നോടു പറഞ്ഞതായി പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയാണു രാജ്യസഭയിൽ പറഞ്ഞത്.
എന്നാൽ ചിരിയോടെ പരാമർശത്തെ നേരിട്ട ഉപരാഷ്ട്രപതി, താൻ അങ്ങിനെ പറഞ്ഞിട്ടില്ലെന്നു പ്രതികരിച്ചു. ഇതു കണ്ടിട്ട് താങ്കൾ എനിക്കെതിരേ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കുമെന്നു തോന്നുന്നല്ലോ എന്നും തമാശയായി ചെയർമാൻ കൂട്ടിച്ചേർത്തതോടെ സഭ ഒന്നടങ്കം ചിരിയിലമർന്നു.
ധൻകറിന്റെ നോട്ട് എണ്ണൽ യന്ത്രത്തിന്റെ കാര്യം സഭയിൽ പറയാമോയെന്നു ചോദിച്ചായിരുന്നു ഖാർഗെ ഇക്കാര്യം പറഞ്ഞത്. അതൊന്നും കുഴപ്പമില്ലെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി മോദിക്കുമെതിരേ രൂക്ഷ വിമർശനം നടത്തുന്നതിനിടെയായിരുന്നു ഖാർഗെയുടെ നോട്ട് എണ്ണൽ യന്ത്ര പരാമർശം.
നോട്ട് എണ്ണൽ യന്ത്രമുണ്ടെന്നു ഖാർഗെ; തമാശയാക്കി ഉപരാഷ്ട്രപതി
12:50 AM Feb 09, 2023 | Deepika.com