ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സുഹൃത്തായ വ്യവസായി രാജ്യത്തെയാകെ തോറ്റു തൊപ്പിയിടീച്ചുവെന്ന് തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. രാജ്യസഭയിൽ ഇന്നലെ ചുവന്ന കടലാസ് തൊപ്പിയുമായെത്തിയാണ് അദാനിക്കും മോദിക്കുമെതിരേ മഹുവ രൂക്ഷപരിഹാസം ഉയർത്തിയത്.
രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തി ആദരണീയനായ പ്രധാനമന്ത്രിയല്ല. എയിൽ തുടങ്ങി ഐയിൽ അവസാനിക്കുന്ന ആളാണ്. പക്ഷേ അഡ്വാനി അല്ല. അദ്ദേഹത്തെ എ എന്നും അദ്ദേഹത്തിന്റെ കന്പനിയെ എ കന്പനിയെന്നും വിളിക്കുന്നു.
ഈ എയാണ് ഇന്ത്യയെ തോറ്റു തൊപ്പിയിടീച്ചത്. ഗൂഗിൾ, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കന്പനികൾക്കു പോലും എ കന്പനിയുമായി താദാത്മ്യമില്ല. ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തിനെതിരേയുള്ള അക്രമമാണെന്നാണ് അദാനി കന്പനി അവകാശപ്പെട്ടത്.
എണ്ണ സംസ്കരണ ബിസിനസ് റഷ്യൻ കന്പനി ഏറ്റെടുത്തപ്പോൾ ഇന്ത്യക്കെതിരായ അക്രമം ആയിരുന്നില്ലേ? മുംബൈയിലെ വൈദ്യുതി ഖത്തറിലെ ഫണ്ടു കൊണ്ട് ഏറ്റെടുത്തപ്പോൾ രാജ്യവിരുദ്ധമായില്ലേ? ഒരു വ്യക്തിയുടെയല്ല, രാജ്യത്തിന്റെ സ്ഥാപനങ്ങളിലാണ് ഇന്ത്യയുടെ അന്തസ് എന്നും മഹുവ പറഞ്ഞു.
തോറ്റു തൊപ്പിയിട്ടത് ഇന്ത്യയല്ലേ? മഹുവ
12:50 AM Feb 09, 2023 | Deepika.com