ദോഡ: ജമ്മു-കാഷ്മീരിലെ ദോഡ ജില്ലയിൽ ഉത്തരാഖണ്ഡിലെ ജോഷിമഠിലേതിനു സമാനമായി വീടുകൾക്കു വിള്ളൽ.
വിള്ളൽ രൂപപ്പെട്ട കെട്ടിടങ്ങളിൽനിന്ന് 19 കുടുംബങ്ങളിൽനിന്നായി 117 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ദോഡ ജില്ലയിലെ നയി ബസ്തിയിൽ മോസ്കിനും സ്കൂളിനും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇതുവരെ 21 കെട്ടിടങ്ങൾ ഭാഗികമായി തകർന്നതായാണു വിവരം. ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്നതിനു സമാനമായ സാഹചര്യമാണ് ദോഡ ജില്ലയിൽ ഇപ്പോഴുള്ളതെന്നും പ്രദേശവാസികൾ തത്കാലത്തേക്കു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറണമെന്നും അധികൃതർ നിർദേശം നൽകിയിരിക്കുകയാണ്.
ആവശ്യമായ എല്ലാ സഹായവും ദുരിതമേഖലയിൽ ഏർപ്പെടുത്തിയതായും ദുരന്തനിവാരണ സേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചതായും അധികൃതർ അറിയിച്ചു.
കാഷ്മീരിലും വീടുകൾക്കു വിള്ളൽ; 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
05:08 AM Feb 04, 2023 | Deepika.com