ബംഗളൂരു: അമിതവേഗത്തെത്തുടർന്ന് നിയന്ത്രണംവിട്ട കോൺക്രീറ്റ് മിക്സർ ട്രക്ക് കാറിലേക്ക് ഇടിച്ചുകയറി ബംഗളൂരുവിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ബന്നര്‍ഗട്ട റോഡില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. സ്വകാര്യകമ്പനി ജീവനക്കാരി ഗായത്രി കുമാറും (46) ഷേർവുഡ് ഹൈസ്കൂളിൽ പഠിക്കുന്ന മകള്‍ സമതയുമാണു (16) മരിച്ചത്. ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ സ്കൂളിലിറക്കാനാണ് മകളെ കൂടെക്കൂട്ടിയത്.
ട്രക്ക് കാറിനു മുകളിലേക്കു വീണതോടെ അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിക്കുക ദുഷ്കരമായി. നാല് ക്രയിനുകളും ജെസിബിയും ഉപയോഗിച്ച് ഏറെ സമയമെടുത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.
കാറിലെ എമര്‍ജന്‍സി സംവിധാനത്തില്‍നിന്നു സന്ദേശം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഗായത്രിയുടെ ഭർത്താവ് അപകടസ്ഥലത്തെ മറ്റൊരു കണ്ണീർക്കാഴ്ചയായി. അപകടത്തിനു പിന്നാലെ ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവർക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ബംഗളൂരുവിൽ കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് കാറിലേക്കു മറിഞ്ഞ് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
03:58 AM Feb 03, 2023 | Deepika.com