ന്യൂഡൽഹി: പ്രശസ്ത നാടകരചയിതാവും സാമൂഹിക പ്രവർത്തകനുമായ പ്രഫ. ഓംചേരി എൻ.എൻ. പിള്ളയുടെ നൂറാമതു പിറന്നാൾ ആഘോഷിച്ചു. ഡൽഹി അശോക് വിഹാറിലെ വസതിയിലായിരുന്നു ആഘോഷം.
മുൻ കേന്ദ്രമന്ത്രിയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രഫ. കെ.വി. തോമസ്, മുൻ സുപ്രീംകോടതി ജസ്റ്റീസ് കുര്യൻ ജോസഫ്, കേരള എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് രവി നായർ, ബാബു പണിക്കർ, മാധ്യമ പ്രവർത്തകരായ എൻ. അശോകൻ തുടങ്ങിയവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
ദീപികയിലൂടെ ഒരു ലേഖകൻ എന്ന പേരിലാണ് പത്രപ്രവർത്തന രംഗത്ത് പ്രവേശിച്ചതെന്നും ദീപികയിലെ പത്രപ്രവർത്തനപരിചയം സാഹിത്യ ജീവിതത്തിന് ഉത്തേജകമായെന്നും ഓംചേരി പറഞ്ഞു. ആദ്യകാലത്ത് വൈക്കത്തുനിന്ന് ഒരു ലേഖകൻ എന്ന നിലയിലും പിന്നീട് സ്വന്തം ലേഖകൻ എന്ന നിലയിലും ദീപികയിൽ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നതായും ഓംചേരി പറഞ്ഞു. ഫാ. ഹാഡ്രിയാൻ സിഎംഐ ആയിരുന്നു അക്കാലത്ത് ദീപികയുടെ ചുമതല വഹിച്ചിരുന്നതെന്നും ഓംചേരി പറഞ്ഞു.
പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ജസ്റ്റീസ് കുര്യൻ ജോസഫ്, പ്രഫ. കെ.വി തോമസ്, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ എന്നിവർ ഓംചേരിയെ പൊന്നാട അണിയിച്ചു. ഡൽഹി മലയാളികളുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിലെ കാനിംഗ് റോഡ് കേരള സ്കൂളിൽ ഓംചേരിയെ ആദരിക്കും.
ഓംചേരി എൻ.എൻ. പിള്ളയുടെ നൂറാമത് പിറന്നാൾ ആഘോഷിച്ചു
01:50 AM Feb 02, 2023 | Deepika.com