ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയ്ക്ക് കൂടുതൽ പ്രധാന്യം നൽകി കേന്ദ്ര ബഡ്ജറ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഇന്ത്യയിൽ നിർമിക്കുക, ഇന്ത്യക്കായി പ്രവർത്തിക്കുക (മേക്ക് എഐ ഫോർ ഇന്ത്യ, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ ) എന്ന ലക്ഷ്യത്തോടെ സെന്റർ ഓഫ് എക്സലൻസ് ഫോർ ആർട്ടിഫിഷൽ ഇന്റലിജൻസ് ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അത്തരത്തിലുള്ള മൂന്നു കേന്ദ്രങ്ങൾ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തനം ആരംഭിക്കും.
കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങൾ എന്നീ മേഖലകളിലെ ഗവേഷണത്തിനും അത്യാധുനിക ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും മുൻനിര വ്യവസായികളെ പങ്കാളികളാക്കും. ബിസിനസ് ആവശ്യങ്ങൾക്കു സർക്കാർ ഏജൻസികൾ പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും. കെവൈസി പ്രക്രിയ ലളിതമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
5ജി ഉപയോഗത്തിനായുള്ള ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകളും സജ്ജമാക്കും. വിവിധ എൻജിനിയറിംഗ് കോളജുകളിലായാണ് ഈ ലാബുകൾ സജ്ജീകരിക്കുക. വിദ്യാഭ്യാസം, കാർഷികം, ആരോഗ്യം എന്നീ മേഖലകളിൽ പ്രയോജനപ്പെടുന്ന 5ജി സാങ്കേതിക വിദ്യകളുടെ വികസനമാണ് ഈ ലാബുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഡിജിലോക്കർ സംവിധാനം കൂടുതൽ വികസിപ്പിക്കും. വിവിധ ആവശ്യങ്ങൾക്കായി ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന സുപ്രധാന രേഖകൾ സുരക്ഷിതമായി അതത് സ്ഥാപനങ്ങൾക്കു കൈമാറുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ സ്വന്തം എഐ വരും
01:05 AM Feb 02, 2023 | Deepika.com