ന്യൂഡൽഹി: ആഗോളമാന്ദ്യം കയറ്റുമതിയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയുടെ സാന്പത്തികവളർച്ച 2024ൽ 6.5 ശതമാനമായി ഇടിയുമെന്നു പ്രവചിച്ച് സാന്പത്തികസർവേ. നടപ്പു സാന്പത്തികവർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഏഴു ശതമാനം വളർച്ച നേടുമെന്നും സർവേ വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ വളർച്ച മന്ദഗതിയിലായതും വ്യാപാരം ചുരുങ്ങിയതും 2022-23ലെ രണ്ടാംപകുതിയിൽ രാജ്യത്തിന്റെ കയറ്റുമതി ഇടിയാൻ കാരണമായെന്നു സാന്പത്തികസർവേ ചൂണ്ടിക്കാട്ടി. മുഖ്യ സാന്പത്തികകാര്യ ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനാണ് സർവേ പ്രസിദ്ധീകരിച്ചത്.
രാജ്യത്തു പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും കോവിഡ് വാക്സിനേഷൻ രാജ്യത്തിന്റെ സാന്പത്തികവളർച്ചയെ തിരിച്ചുവരാൻ സഹായിച്ചതായും ധനമന്ത്രി വ്യക്തമാക്കി. കോവിഡിന്റെ മൂന്നു തരംഗങ്ങളും റഷ്യ-യുക്രെയ്ൻ സംഘർഷവുമാണു പണപ്പെരുപ്പത്തിനു കാരണമായി സർവേയിൽ ചൂണ്ടിക്കാട്ടുന്നത്.
ധനകമ്മി നടപ്പുവർഷം 6.4 ശതമാനമാണ്. സേവനമേഖലയിൽ വളർച്ച 9.1 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ, വ്യവസായരംഗത്തെ വളർച്ച 10.3 ശതമാനത്തിൽനിന്നു 4.2 ശതമാനമായി കുറഞ്ഞു. കാർഷികമേഖലയിൽ രാജ്യം നേരിയ പുരോഗതി നേടുമെന്നും (3.5 ശതമാനം) സർവേ പറയുന്നു.
മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇടിവുണ്ടായാലും ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന സാന്പത്തികശക്തിയായി തുടരുമെന്നു സർവേയിലുണ്ട്.
ആഗോളതലത്തിലുള്ള വാങ്ങൽശേഷിയിൽ (പർച്ചേസിംഗ് പവർ) ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സന്പദ്വ്യവസ്ഥയായി തുടരും. ആഗോള സാന്പത്തികവിനിമയ സൂചികയിൽ ഇന്ത്യ അഞ്ചാമത്തെ വലിയ സന്പദ്വ്യവസ്ഥയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നാണ്യപ്പെരുപ്പം നിക്ഷേപത്തെ ബാധിക്കില്ലെന്നും പലിശനിരക്കുകൾ കൂടിയേക്കുമെന്നും രൂപയ്ക്കുമേലുള്ള സമ്മർദം തുടരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വളർച്ച 6.1 ശതമാനമായി കുറയുമെന്ന് ഐഎംഎഫ്
ന്യൂഡൽഹി: ഇന്ത്യൻ സന്പദ്വ്യവസ്ഥ 2022ലെ 6.8 ശതമാനത്തിൽനിന്ന് 2023 ൽ 6.1 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). ഇന്നലെ പുറത്തുവിട്ട ലോക സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ പ്രവചനം.
എന്നാൽ, ഇന്ത്യ വീണ്ടും 6.8 ശതമാനത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത സാന്പത്തികവർഷത്തിൽ ആഗോള സന്പദ്വ്യവസ്ഥ 2.9 ശതമാനത്തിലേക്കു കൂപ്പുകുത്തുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുകൂട്ടൽ.
നടപ്പ് സാന്പത്തികവർഷത്തിലെ 3.4 ശതമാനത്തിൽനിന്ന് മാർച്ച് വരെ മന്ദഗതിയിലാകുമെന്നും 2024 സാന്പത്തികവർഷത്തിൽ ഇത് 3.1 ശതമാനമായി കൂടുമെന്നും ഐഎംഎഫ് കണക്കുകൂട്ടുന്നു.
സാന്പത്തികസർവേ : ജിഡിപി വളർച്ച ഇടിയും
12:59 AM Feb 01, 2023 | Deepika.com