ന്യൂഡൽഹി: രാജ്യം വികസനപാതയിലാണെന്നു കേന്ദ്രബജറ്റിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റിന്റെ ഇരുസഭകളെയും ആദ്യമായി അഭിസംബോധന ചെയ്തുകൊണ്ടു കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ രാഷ്ട്രപതി എണ്ണിപ്പറഞ്ഞു.
രാജ്യത്തെ നയിക്കുന്നത് ദൃഢതയുള്ള, ഭയമില്ലാത്ത സർക്കാരാണ്. ഭീകരതയ്ക്കെതിരായ പോരാട്ടം രാജ്യം ശക്തിപ്പെടുത്തിക്കഴിഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും മുത്തലാഖ് അസാധുവാക്കിയതും കേന്ദ്രസർക്കാരിന്റെ സുപ്രധാന നേട്ടമായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ലോകത്തെ അഞ്ചാമത്തെ സാന്പത്തികശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഒന്നാകെ മാറി. ജനങ്ങളുടെ ആത്മവിശ്വാസം ഉയർന്നു. ഒൻപതു വർഷത്തെ ഭരണത്തിനിടയിൽ ഇന്ത്യയിലെ ജനങ്ങൾ ഇതാദ്യമായി ഗുണപരമായ നിരവധി മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഒരുകാലത്തു മിക്ക പ്രശ്നങ്ങൾക്കും പരിഹാരത്തിനു മറ്റുള്ളവരെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്നു ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം നൽകുന്ന രാജ്യമായി വളരുകയാണ്.
ഇന്ത്യ പടുത്തുയർത്തിയ ഡിജിറ്റൽ ശൃംഖല വികസിതരാജ്യങ്ങൾക്കു പോലും പ്രചോദനമാണ്. ഗവണ്മെന്റ് പദ്ധതികളിലെ വൻ കുംഭകോണങ്ങളുടെയും അഴിമതിയുടെയും വിപത്തിൽനിന്നു മുക്തി നേടാനുള്ള ദീർഘകാല ആഗ്രഹം ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുകയാണ്.
സത്യസന്ധരെ ബഹുമാനിക്കുന്നതിലും ദരിദ്രരുടെ പ്രശ്നങ്ങളുടെ ശാശ്വതപരിഹാരത്തിനും അവരുടെ ശാശ്വത ശക്തീകരണത്തിനും, സ്ത്രീകൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രതിബന്ധങ്ങളും നീക്കാനും പ്രകൃതിസംരക്ഷണത്തിന്റെ കാര്യത്തിലും പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകൾക്ക് ഏതു ജോലിയും ചെയ്യുന്നതിനോ ഏതെങ്കിലും തൊഴിൽ മേഖലകളിൽ പങ്കാളികളാകുന്നതിനോ നിയന്ത്രണമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഖനനം മുതൽ കരസേനയിലെ മുന്നേറ്റനിരയിലെ തസ്തികകൾ വരെയുള്ള എല്ലാ മേഖലകളിലെയും തൊഴിലുകൾ സ്ത്രീകൾക്കായി തുറന്നു കൊടുത്തു. പകർച്ചവ്യാധിയുടെ കാലം രാജ്യം ധീരമായി നേരിട്ടുവെന്നു രാഷ്ട്രപതി ഓർമിപ്പിച്ചു.
കേന്ദ്ര ബജറ്റ് ഇന്ന്
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ബിജെപി സർക്കാരിന്റെ അവസാന സന്പൂർണബജറ്റ് ഇന്ന്. 2024 ൽ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ നടത്തുന്ന പ്രഖ്യാപനങ്ങൾക്കു കാതോർത്തിരിക്കുകയാണ് രാജ്യം. ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി 12 ദിവസത്തെ ദേശവ്യാപക പ്രചാരണം പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യം വികസന പാതയിൽ: രാഷ്ട്രപതി
12:59 AM Feb 01, 2023 | Deepika.com