ന്യൂഡൽഹി: കോണ്‍ഗ്രസിനും ബിബിസിക്കും എതിരേ വീണ്ടും വിമർശനവുമായി അനിൽ കെ. ആന്റണി. കാഷ്മീർ ഉൾപ്പെടാത്ത ഇന്ത്യയുടെ ഭൂപടം പല തവണ പ്രസിദ്ധീകരിച്ച ബിബിസി കോണ്‍ഗ്രസിനു ചേർന്ന പങ്കാളികളാണെന്നായിരുന്നു അനിൽ ആന്റണിയുടെ വിമർശനം.
കോവിഡിന്റെ ഡെൽറ്റ വകഭേദം ഇന്ത്യയിൽ കണ്ടെത്തിയതായി 2020ൽ ബിബിസി പങ്കുവച്ച വാർത്തയിൽ കാഷ്മീർ ഇല്ലാത്ത ഭൂപടം ബിബിസി പ്രസിദ്ധീകരിച്ചതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് അനിൽ ആന്റണി ട്വീറ്റ് ചെയ്തത്. ബിബിസിയുടെ ചില ഭൂതകാല ദുഷ്ചെയ്തികൾ എന്ന അടിക്കുറിപ്പോടെയാണ് അനിൽ ആന്റണിയുടെ ട്വീറ്റ്.
ഒന്നിലധികം പ്രാവശ്യം ബിബിസി ഇന്ത്യയുടെ ഭൂപ്രദേശ പരമാധികാരത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ബിബിസി സ്ഥാപിത താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമ സ്ഥാപനമാണെന്ന് അവകാശപ്പെടുന്നതു കളവാണെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു. ഗുജറാത്ത് കലാപത്തെ സംബന്ധിക്കുന്ന ബിബിസി ഡോക്യൂമെന്ററിയെ വിമർശിച്ച് അനിൽ ആന്റണി പാർട്ടിയുടെ ഒൗദ്യാഗിക പദവികൾ രാജിവച്ചിരുന്നു.
ബിബിസി കോൺഗ്രസിനു ചേർന്ന പങ്കാളിയെന്ന് അനിൽ ആന്റണി
03:45 AM Jan 30, 2023 | Deepika.com