ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ കഡപ്പ എംപി അവിനാശ് റെഡ്ഡിയെ സിബിഐ ഇന്നലെ ചോദ്യംചെയ്തു.
ചോദ്യംചെയ്യലിനു ഹാജരാകണമെന്നു നിർദേശിച്ച് സിബിഐ ജനുവരി 24ന് സമൻസ് അയച്ചെങ്കിലും അസൗകര്യം അറിയിച്ചതിനെത്തുടർന്ന് 28നു ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. സിബിഐ തയാറാക്കിയ സാക്ഷിപ്പട്ടികയിലാണ് അവിനാശിന്റെ പേരുള്ളതെന്നാണു സൂചന.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കാൻ ആഴ്ചകൾക്കുമുന്പ് പുലിവെന്തുലയിലെ വസതിയിൽ 2019 മാർച്ച് 15നാണ് വിവേകാനന്ദ റെഡ്ഡിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ സുപ്രീംകോടതി നിർദേശപ്രകാരം വിചാരണ പ്രത്യേക കോടതിയിലേക്കു മാറ്റിയിട്ടുണ്ട്.
കൊലക്കേസിൽ എംപി അവിനാശ് റെഡ്ഡിയെ സിബിഐ ചോദ്യംചെയ്തു
12:40 AM Jan 29, 2023 | Deepika.com