അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ ത്രിപുര ബിജെപിയിൽ കലാപം. സ്ഥാനാർഥികളോടുള്ള അതൃപ്തി പരസ്യമായി വെളിപ്പെടുത്തി പലയിടത്തും പ്രവർത്തകർ പാർട്ടി ഓഫീസുകളിൽ അക്രമം അഴിച്ചുവിട്ടു. ബാബാസ മണ്ഡലത്തിലെ ഗംഗാനഗറിൽ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത പ്രവർത്തകർ സ്ഥാനാർഥിയെ മാറ്റണമെന്നു നേതൃത്വത്തോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു ബാബാസയിലെ മണ്ഡലം പ്രസിഡന്റ് സുദീപ് ദേബ് പ്രഖ്യാപിക്കുകയും ചെയ്തു. 2018 തെരഞ്ഞെടുപ്പിൽ മറ്റൊരു മണ്ഡലത്തിൽ പരാജയപ്പെട്ട ജദാബ് ലാലിനു സീറ്റ് നൽകിയതാണ് സുദീപ് ദേബ് അനുകൂലികളെ പ്രകോപിപ്പിച്ചത്.
ധർമനഗറിൽ ഡെപ്യൂട്ടി സ്പീക്കർ ബിശ്വബന്ധു സെന്നിന് വീണ്ടും സീറ്റ് നൽകിയതിലും പ്രതിഷേധം നിലനിൽക്കുകയാണ്. ബിജെപി ജനറൽ സെക്രട്ടറി തിങ്കുറോയി ഉൾപ്പെടെയാണ് ഇടഞ്ഞത്.
സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനുതൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രവർത്തകർ തെരുവിൽ പരസ്യപ്രതിഷേധം നടത്തി.
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപിയിൽ അതൃപ്തി
12:40 AM Jan 29, 2023 | Deepika.com