എം.കെ രാഘവൻ
കോഴിക്കോട് എയിംസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടി 1956ലെ എയിംസ് ആക്ടിൽ ഭേദഗതി നിർദ്ദേശിച്ച് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ. രാഘവൻ എംപി പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചു.
കേരളത്തിൽ എയിംസ് സ്ഥാപിക്കുക എന്നത് എക്കാലത്തെയും ആവശ്യമാണ്. ആരോഗ്യ രംഗത്തു മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം നേരത്തെ തന്നെ മുൻപന്തിയിലാണെങ്കിലും പല രോഗങ്ങളും ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്. ഇവ യഥാസമയം കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത തെക്കൻ കേരളത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും എംപി പറഞ്ഞു.
ജെബി മേത്തർ
വിഴിഞ്ഞത്തെ മൽസ്യതൊഴിലാളികളുടെ ക്ഷേമ പുനരധിവാസ പ്രവർത്തനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണമെന്ന് കോൺഗ്രസ് അംഗം ജെബി മേത്തർ.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ സംസ്ഥാന സർക്കാരിൽ നിന്നു വലിയ രീതിയിൽ അവഗണനയും പീഡനവും നേരിടുകയാണ്. സമരം ചെയ്തതിന്റെ പ്രതികാരമായി ആർച്ച് ബിഷപ്പിനും വൈദികരും മൽസ്യത്തൊഴിലാളികളും അടക്കം രണ്ടായിരത്തോളം പേർക്കെതിരെ സംസ്ഥാന സർക്കാർ കേസെടുത്തു.
കുട്ടികൾ ഉൾപ്പെടെ സിമന്റ് ഗോഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ക്ഷേമ പുനരധിവാസ പ്രവർത്തനങ്ങൾ കഴിവതും വേഗത്തിൽ നടപ്പാക്കണമെന്നും ജെബി മേത്തർ പറഞ്ഞു. ഏകീകൃത സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ അവതരിപ്പിച്ചതും ജെബി മേത്തർ രാജ്യസഭയിൽ എതിർത്തു.
ജോസ് കെ. മാണി
പ്രളയകാലത്ത് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങൾക്ക് പണം നൽകണമെന്ന നിലപാടിൽ നിന്നു കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
2018, 2019 പ്രളയത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്ക് പുറമേ നിരവധിയാളുകളുടെ ജീവനും നഷ്ടപ്പെട്ടു. 2018ൽ കേന്ദ്ര സർക്കാർ 89540 മെട്രിക്ക് ടണ് അരി സംസ്ഥാനത്തിന് അനുവദിച്ചിരുന്നു. അരിയുടെ വിലയായി 205 കോടി രൂപയാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. മാതൃകാപരമല്ലെന്നും ജോസ്.കെ മാണി പറഞ്ഞു.
കേരളം പാർലമെന്റിൽ
01:19 AM Dec 10, 2022 | Deepika.com