ന്യൂഡൽഹി: ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ്, ബിജെപി നേതാക്കൾ. ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കഴിയുന്നത്ര വേഗത്തിൽ നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ വിജയത്തിന് ഗാന്ധി കുടുംബത്തിന് നന്ദി പറഞ്ഞ ഖാർഗെ ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പു വിജയത്തിന് ഏറെ സഹായിച്ചുവെന്നും പറഞ്ഞു. കോണ്‍ഗ്രസ് പാർട്ടി നിരീക്ഷകരും സെക്രട്ടറിമാരും എംഎൽഎമാരുടെ നേതൃത്വത്തിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ആരംഭിക്കും.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ അംഗീകരിക്കുന്നു. ജനാധിപത്യത്തിൽ ജയവും തോൽവിയും ശാശ്വതമല്ല. തോൽവിയുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തി ജനങ്ങൾക്കായി തുടർന്നും പോരാടുമെന്നും ഖാർഗെ പറഞ്ഞു.
ഹിമാചലിലെ കോണ്‍ഗ്രസിന്റെ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ അനുകൂലമായ തരംഗം ഉണ്ടാക്കുന്നതിന് സഹായിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു.
ഹിമാചൽ പ്രദേശിലും ഡൽഹിയിലെ എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് പ്രവർത്തകർ വിജയം ആഘോഷിച്ചു.
ഹിമാചൽ വിജയത്തിൽ നന്ദി പറഞ്ഞ് കോണ്‍ഗ്രസ്
01:13 AM Dec 09, 2022 | Deepika.com