അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് 135 പേർ മരിക്കാനിടയായ മോർബി സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെലവ് 30 കോടി രൂപ എന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലയെ(35) പോലീസ് അറസ്റ്റ് ചെയ്തു.
അഹമ്മദാബാദ് സൈബർ ക്രൈം സെൽ എസിപി ജിതേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനിലെ ജയ്പുരിൽനിന്നാണ് ഗോഖലെയെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ വാർത്തയുടെ ക്ലിപ്പിംഗാണ് ഗോഖലെ ട്വീറ്റിന് ഉപയോഗിച്ചത്.
വിവരാവകാശപ്രകാരം ലഭിച്ച രേഖയിലാണ് ഈ വിവരമെന്നും വാർത്തയിൽ ചേർത്തിരുന്നു. 135 പേരുടെ ജീവനേക്കാൾ വിലയാണ് മോദിയുടെ സന്ദർശനത്തിന് എന്നും ഗോഖലെ ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ, തങ്ങൾ ഇങ്ങനെയൊരു വാർത്ത പത്രത്തിൽ നല്‍കിയിട്ടില്ലെന്ന് ഗുജറാത്ത് സമാചാർ അറിയിച്ചതിനു പിന്നാലെ ഗോഖലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടുത്തിടെയാണ് ഗോഖലെ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായത്.
പ്രധാനമന്ത്രിക്കെതിരേ വ്യാജവാർത്ത: തൃണമൂൽ വക്താവ് അറസ്റ്റിൽ
12:27 AM Dec 07, 2022 | Deepika.com