ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങളുടെ പിന്നാലെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം.
സമ്മേളനത്തിനു മുന്നോടിയായി സർക്കാർ ഇന്നു സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെങ്കിലും സമവായസാധ്യതകൾ അകലെയാണ്. 29 വരെ നീളുന്ന സമ്മേളനത്തിൽ 16 ബില്ലുകളാണു ചർച്ചയ്ക്കെടുക്കുക.
ലോക്സഭാംഗമായിരിക്കെ അന്തരിച്ച യുപി മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അടക്കമുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ചു നാളെ പിരിയും.
വ്യാഴാഴ്ച രാവിലെ ഗുജറാത്ത്, ഹിമാചൽ വോട്ടെണ്ണൽ തുടങ്ങുന്നതിനാൽ സഭയിൽ ഗൗരവചർച്ചകൾക്കു സാധ്യത കുറവാണ്. നിയമനിർമാണങ്ങൾക്കു പുറമെ, ബജറ്റിൽ വകയിരുത്തിയതിൽ കൂടുതൽ തുക അനുവദിക്കുന്നതിനായുള്ള ഉപധനാഭ്യർഥന പാസാക്കുകയും സർക്കാരിന്റെ പ്രധാന അജൻഡയാണ്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അധ്യക്ഷനാകുന്ന ആദ്യ രാജ്യസഭാ സമ്മേളനമാകുമിത്. രണ്ടുവർഷത്തിനു ശേഷം കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയാകും പാർലമെന്റ് സമ്മേളിക്കുക.
ചൈനയുടെ കടന്നുകയറ്റങ്ങൾക്കെതിരേ കേന്ദ്രസർക്കാർ കാഴ്ചക്കാരായി നിൽക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കിയേക്കും. ഗവർണർ പദവി, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവയുടെ ദുരുപയോഗം, ഭരണഘടനാ സ്ഥാപനങ്ങളിലെ സർക്കാരിന്റെ കടന്നുകയറ്റം എന്നിവയും വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിക്കും.
പാർലമെന്റ് പരിഗണിക്കുന്ന 16 ബില്ലുകൾ
1. ട്രേഡ് മാർക്ക് ഭേദഗതി, 2. ചരക്കുകളുടെ ഭൂമിശാസ്ത്രപരമായ സൂചനകൾ (രജിസ്ട്രേഷനും സംരക്ഷണവും) ഭേഗഗതി (ദ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് ഓഫ് ഗുഡ്സ്), 3. മൾട്ടി-സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റികൾ ഭേദഗതി, 4. കലാക്ഷേത്ര ഫൗണ്ടേഷൻ ഭേദഗതി, 5. കന്റോണ്മെന്റ്, 6. പഴയ ഗ്രാന്റ് നിയന്ത്രണം, 7. വനം സംരക്ഷണം ഭേദഗതി, 8. നാഷണൽ ഡെന്റൽ കമ്മീഷൻ, 9. നാഷണൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കമ്മീഷൻ, 10. നോർത്ത് ഈസ്റ്റ് വാട്ടർ മാനേജ്മെന്റ് അഥോറിറ്റി, 11. റദ്ദാക്കൽ, ഭേദഗതി (റിപ്പീലിംഗ് ആൻഡ് അമെൻഡ്മെന്റ്), 12, 13, 14, 15 പട്ടികവർഗങ്ങൾക്കായുള്ള രണ്ട്, മൂന്ന്, നാല്, അഞ്ച് ഭരണഘടന ഭേദഗതികൾ, 16. തീരദേശ അക്വാകൾച്ചർ അഥോറിറ്റി ഭേദഗതി.
പാർലമെന്റ് സമ്മേളനം നാളെ മുതൽ
01:40 AM Dec 06, 2022 | Deepika.com