കോണ്ടായി: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ റാലി നടത്താനിരുന്ന സ്ഥലത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. പൂർബ മേദിനിപുർ ജില്ലയിലെ കോണ്ടായി പട്ടണത്തിനു സമീപമായിരുന്നു സ്ഫോടനം.
വെള്ളിയാഴ്ച രാത്രി 11.15ന് ഒരു വീട്ടിലായിരുന്നു സ്ഫോടനം. മൂന്നു മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ രാജ്കുമാർ മന്ന, ദേബ്കുമാർ മന്ന, ബിശ്വജിത് ഗായേൻ എന്നിവരാണു കൊല്ലപ്പെട്ടത്.
സ്ഫോടനത്തിന് ഉത്തരവാദിത്വം തൃണമൂൽ കോൺഗ്രസിനാണെന്നും ബോംബ് നിർമാണ വ്യവസായം മാത്രമാണു സംസ്ഥാനത്തു പുഷ്ടിപ്പെടുന്നതെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
ബംഗാളിൽ സ്ഫോടനം; മൂന്നു പേർ കൊല്ലപ്പെട്ടു
12:54 AM Dec 04, 2022 | Deepika.com