ന്യൂഡൽഹി: കാഷ്മീർ ഫയൽസ് സിനിമയ്ക്കെതിരേ നടത്തിയ പരാമർശം ദുരിതം അനുഭവിച്ചവരെ വേദനിപ്പിക്കാൻവേണ്ടിയല്ലെന്ന് ഇസ്രയേൽ ചലച്ചിത്ര സംവിധായകൻ നാദവ് ലപീദ്.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനവേളയിൽ "കാഷ്മീർ ഫയൽസ്' സിനിമയ്ക്കെതിരേ നടത്തിയ പരാമർശങ്ങൾ ആരെയും വ്യക്തിപരമായി വേദനിപ്പിക്കാൻവേണ്ടിയല്ലെന്നും തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ക്ഷമ ചോദിക്കുവെന്നും നാദവ് ലപീദ് പറഞ്ഞു.
ചലച്ചിത്രമേളയിൽ താനടക്കമുള്ള ജൂറി അംഗങ്ങൾ കാഷ്മീർ ഫയൽസ് സിനിമയെക്കുറിച്ച് പങ്കുവച്ച കാര്യങ്ങളാണ് പരസ്യമായി പറഞ്ഞത്. സിനിമയുടെ കലാപരമായ മേന്മ, രാഷ്ട്രീയ താത്പര്യങ്ങൾ എന്നിവ അംഗീകരിക്കാൻ ഇപ്പോഴും തയാറല്ലെന്നും ലപീദ് വ്യക്തമാക്കി.
എന്നാൽ, അതിന്റെ അർഥം ദുരിതങ്ങൾ അനുഭവിച്ച ജനവിഭാഗങ്ങളുടെ യാതനകൾ കുറച്ചുകാണുന്നു എന്നല്ലെന്നും ലപീദ് കൂട്ടിച്ചേർത്തു.
കാഷ്മീർ ഫയൽസ് വിവാദം: മാപ്പു പറഞ്ഞ് നാദവ് ലപീദ്
01:04 AM Dec 02, 2022 | Deepika.com