ന്യൂഡൽഹി: ലൗ ജിഹാദിനും ബലംപ്രയോഗിച്ചുള്ള മതപരിവർത്തനത്തിനുമെതിരേ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) നേതൃത്വത്തിൽ ദേശവ്യാപക പ്രചാരണം തുടങ്ങി."ജൻ ജാഗരൺ അഭിയാൻ’എന്ന പേരിലുള്ള ഒരു മാസം നീളുന്ന പ്രചാരണത്തിലൂടെ രണ്ടുവിഷയങ്ങളിലും യുവജനങ്ങളെ ബോധവത്കരിക്കുകയാണു ലക്ഷ്യം. ലൗ ജിഹാദിനും നിർബന്ധിത മതപരിവർത്തനത്തിനുമെതിരേ കേന്ദ്രനിയമം എന്ന ആവശ്യത്തിനു പിന്തുണയും തേടുന്നുണ്ട്.
പ്രചാരണത്തിന്റെ ഭാഗമായി വിഎച്ച്പിയുടെ യുവജനവിഭാഗമായ ബജ്രംഗ്ദൾ ഈ മാസം പത്തുവരെ രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും ശൗര്യയാത്ര സംഘടിപ്പിക്കുമെന്ന് വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ അറിയിച്ചു. പെൺകുട്ടികളെ ബോധവത്കരിക്കാനായി വനിതാവിഭാഗമായ ദുർഗാവാഹിനിയുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിക്കും.
മതപരിവർത്തനത്തിന്റെ ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ രീതിയാണ് ലൗജിഹാദ്.
കേരളം, ബിഹാർ, യുപി, മധ്യപ്രദേശ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിലായി കഴിഞ്ഞ പത്തുവർഷത്തിനിടെ രജിസ്റ്റർചെയ്ത നാനൂറോളം ലൗജിഹാദ് കേസുകളുടെ പട്ടികയും അദ്ദേഹം പരസ്യമാക്കി.
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണിത്. രാജ്യത്ത് നടക്കുന്ന ലൗജിഹാദ് സംഭവങ്ങളിൽ പത്തിൽ ഒരു ശതമാനംപോലും കേസായി മാറുന്നില്ല. പ്രശ്നപരിഹാരത്തിൽ സാമൂഹ്യസംഘടനകളുടെയും സർക്കാരിന്റെയും ഇടപെടൽ അതിനിർണായകമാണെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.
ലൗജിഹാദ് ദേശവ്യാപക പ്രചാരണവുമായി വിഎച്ച്പി
01:04 AM Dec 02, 2022 | Deepika.com