രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: പ്രാദേശിക വാർത്തകൾ സംപ്രേഷണം ചെയ്യണമെങ്കിൽ കേബിൾ ടിവി ചാനലുകൾ പ്ലാറ്റ്ഫോം സർവീസുകൾ എന്ന നിലയിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രസർക്കാർ. പ്ലാറ്റ്ഫോം സർവീസുകൾ എന്ന പേരിൽ രജിസ്റ്റർ ചെയ്യുന്ന പ്രാദേശിക ചാനലുകളുടെ നിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡിൽ ഉൾപ്പെടുത്തണം.
പ്രാദേശിക ചാനലുകളുടെ കഴിഞ്ഞ 90 ദിവസത്തെ ഉള്ളടക്കം എല്ലായ്പോഴും കേബിൾ ടിവി ഓപ്പറേറ്റർമാർ നിലനിർത്തണം. കേബിൾ ടിവി ചാനലുകൾ വരിക്കാർക്ക് നേരിട്ടോ പ്രാദേശിക ഓപ്പറേറ്റർമാർ വഴിയോ ഉള്ളടക്കങ്ങൾ എത്തിക്കുന്നതിനുള്ള നിർദേശങ്ങൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കി.
ചാനലിന് 1,000 രൂപ നിരക്കിൽ കേബിൾ ടിവി ഓപ്പറേറ്റർമാർ (മൾട്ടി സിസ്റ്റം ഓപ്പറേറ്റർ) മുഖേന പ്രാദേശിക ചാനലുകൾക്ക് കന്പനിയെന്ന നിലയിൽ ഓണ്ലൈൻ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് ഇത്തരത്തിൽ പരമാവധി അഞ്ച് പ്രാദേശിക ചാനലുകൾ വരെയാണ് സംപ്രേഷണം നടത്താനാകുക.
ജില്ലാ തലത്തിൽ പ്രാദേശിക ഉള്ളടക്കത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി ഓരോ ജില്ലയിലും പരമാവധി രണ്ട് പ്രാദേശിക ചാനലുകൾ വരെ അനുവദിക്കാം. പ്രാദേശിക ചാനലുകളുടെ ഉള്ളടക്കം മറ്റ് ചാനലുകളുമായി പങ്കിടാൻ പാടില്ല. എന്നാൽ ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ മതപരമായ തത്സമയ ദൃശ്യങ്ങൾ പങ്കിടുന്നത് അനുവദനീയമാണെന്നും നിർദേശങ്ങൾ പറയുന്നു.
രജിസ്ട്രേഷൻ നിർബന്ധമാക്കി
ന്യൂഡൽഹി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ്, കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഡിജിറ്റൽ ഇന്ത്യ എംഐബി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാർ.
കേബിൾ നെറ്റ്വർക്ക് ശൃംഖലയുടെ വിന്യാസത്തിന് ഉപയോഗിക്കുന്ന ഹെഡ്എൻഡ്, സെറ്റ്ടോപ് ബോക്സ് സീഡിംഗ് ഡേറ്റ, കണ്ടീഷണൽ ആക്സസ് സിസ്റ്റം (സിഎഎസ്) തുടങ്ങിയ വിവരങ്ങൾ നവംബർ 25നു മുൻപ് സമർപ്പിക്കണമെന്നായിരുന്നു നിർദേശം.
വിവരങ്ങൾ യഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന കേബിൾ ടിവി ഓപ്പറേറ്റർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രാദേശിക വാർത്താ ചാനലുകൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം
01:11 AM Dec 01, 2022 | Deepika.com