ദേദിയപദ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നുണപറയുന്നവരുടെ നേതാവാണ് മോദിയെന്നും പാവപ്പെട്ടവനെന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുന്നയാളാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. ആദിവാസി മേഖലയായ ദേദിയപദയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളെ(മോദി)പ്പോലെയുള്ളവർ പാവപ്പെട്ടവരെന്ന് എല്ലായ്പ്പോഴും പറയുന്നു. ഞാനും പാവപ്പെട്ടവരിൽ പാവപ്പെട്ടവനാണ്. തൊട്ടുകൂടായ്മ നേരിടുന്ന സമുദായക്കാരനാണു ഞാൻ. നിങ്ങളുടെ ചായയെങ്കിലും ആളുകൾ കുടിക്കും. എന്റെ ചായ ആളുകൾ കുടിക്കില്ല. പാവപ്പെട്ടവനെന്നു പറഞ്ഞ് നിങ്ങൾ സഹതാപം പിടിച്ചുപറ്റാൻ എല്ലായ്പ്പോഴും ശ്രമിക്കുന്നു. ഇക്കാലത്തു ജനങ്ങൾ ബുദ്ധിയുള്ളവരാണ്. അവരെ മണ്ടന്മാരാക്കാൻ കഴിയില്ല-ഖാർഗെ പറഞ്ഞു.
എത്രതവണ നിങ്ങൾ(മോദി) ഒരു നുണതന്നെ ആവർത്തിക്കുന്നു. നുണപറയുന്നവരുടെ നേതാവാണ് മോദി. കോൺഗ്രസ് രാജ്യത്തെ കൊള്ളയടിച്ചെന്ന് നിങ്ങൾ പറയുന്നു. രാജ്യത്തെ പാവപ്പെട്ടവരുടെ ഭൂമി നിങ്ങൾ തട്ടിയെടുത്തു. ആദിവാസികൾക്കു ഭൂമി നല്കുന്നില്ല. ആരാണു ഭൂമിയും ജലവും വനവും നശിപ്പിച്ചത്? നിങ്ങളും നിങ്ങൾക്കൊപ്പമുള്ള സന്പന്നരുമാണ് നമ്മെ കൊള്ളയടിച്ചത്-ഖാർഗെ കൂട്ടിച്ചേർത്തു.
മോദി നുണപറയുന്നവരുടെ നേതാവെന്നു ഖാർഗെ
02:43 AM Nov 28, 2022 | Deepika.com