മാണ്ഡ്യ (കര്‍ണാടക): രാഹുല്‍ ഗാന്ധിക്കും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം മാണ്ഡ്യയിലെ ഗ്രാമാന്തരങ്ങളില്‍ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം അണിചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി.
ഇന്നലെ പുലര്‍ച്ചെ ആറരയോടെ പാണ്ഡവപുര താലൂക്കിലെ ജക്കനഹള്ളിയില്വച്ചാണ് സോണിയാഗാന്ധി പദയാത്രയ്ക്കൊപ്പം ചേര്‍ന്നത്. മുതിർന്ന നേതാക്കളായ മല്ലികാർജുന ഖാർഗെ, ദിഗ്വിജയ് സിംഗ്, കെ.സി. വേണുഗോപാൽ, കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാർ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ എന്നിവരടക്കമുള്ള നേതാക്കളും പദയാത്രയില്‍ അണിനിരന്നു.
ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് ഏറെക്കാലമായി പൊതുപരിപാടികളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്ന സോണിയാഗാന്ധിയുടെ സാന്നിധ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഗ്രാമവാസികള്‍ക്കും ആവേശം പകര്‍ന്നു. അനാരോഗ്യം കാരണം അര കിലോമീറ്റർ ദൂരം മാത്രമേ സോണിയ പദയാത്രയിൽ പങ്കെടുത്തുള്ളൂ. വൈകുന്നേരത്തോടെ ഡൽഹിക്കു മടങ്ങുകയും ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നു യാത്രയില്‍ പങ്കാളിയാകുമെന്നാണു സൂചന.
യാത്രയിൽ പങ്കെടുക്കാനായി കഴിഞ്ഞ തിങ്കളാഴ്ച മൈസൂരുവിലെത്തിയ സോണിയ ദസറ ആഘോഷം മുൻനിർത്തി രണ്ടുദിവസം അവധിയായതിനാൽ കബനിയിലെ റിസോർട്ടിൽ തങ്ങുകയായിരുന്നു. ഉത്സവാഘോഷം മുൻനിർത്തി രണ്ടുദിവസം യാത്രയ്ക്ക് അവധി നൽകി രാഹുലും അമ്മയ്ക്കൊപ്പം റിസോർട്ടിലെത്തിയിരുന്നു.
രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെയാണു മൈസൂരുവില്‍നിന്നും ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചത്. തിങ്കളാഴ്ച മൈസൂരുവിലെത്തിയ സോണിയ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്കൊപ്പം ബേഗൂര്‍ ഗ്രാമത്തിലെ ഭീമനകൊല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
അമ്മയ്ക്കു പകരം നില്ക്കാന് മറ്റൊരാളിനുമാകില്ലെന്നും അവരുടെ ഓരോ ശ്വാസത്തിലും അനുഗ്രഹവര്ഷമാണെന്നും സോണിയയുടെ പദയാത്രയുടെ ചിത്രവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. വിജയദശമി ആഘോഷങ്ങള്‍ക്കു പിന്നാലെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയങ്ങള്‍ക്കു തുടക്കം കുറിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
ഏഴുദിവസമായി കർണാടകയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയ്ക്കു ദിവസം ചെല്ലുംതോറും വൻ ജനപിന്തുണയാണു ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ പദയാത്രയ്ക്കു ബദലായി സംസ്ഥാനത്തുടനീളം കൺവൻഷനുകളും മുതിർന്ന നേതാക്കളുടെ പര്യടനപരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണു ബിജെപി നേതൃത്വം.
കർണാടകയിൽ ആകെ 21 ദിവസമാണ് ഭാരത് ജോഡോ യാത്രയുള്ളത്. ഏഴു ജില്ലകളിലൂടെ 511 കിലോമീറ്ററാണ് രാഹുൽ ഗാന്ധി നടക്കുക. ചാമരാജനഗർ, മൈസൂരു, ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണു യാത്ര മാണ്ഡ്യ ജില്ലയിൽ പ്രവേശിച്ചത്.
ഭാരത് ജോഡോ യാത്രയ്ക്ക് ആവേശംപകര്‍ന്ന് സോണിയാഗാന്ധിയുടെ പദയാത്ര
01:20 AM Oct 07, 2022 | Deepika.com