ന്യൂഡൽഹി: ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇറേനിയൻ യാത്രാ വിമാനത്തിനു ബോംബ് ഭീഷണി. ടെഹ്റാനിൽനിന്ന്, ചൈനയിലെ ഗ്വാംഗ്ഷൗവിലേക്ക് പോകുകയായിരുന്ന മഹാൻ എയർ ജെറ്റിലാണ് ഡൽഹിയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ ബോംബ് ഭീഷണി ഉണ്ടായത്. വിമാനത്തിൽ ബോംബുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡൽഹിയിലെ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്യാൻ മഹാൻ എയർ ജെറ്റ് ഡൽഹി എയർ ട്രാഫിക് കണ്ട്രോളുമായി (എടിസി) ബന്ധപ്പെട്ടെങ്കിലും ജയ്പൂരിലേക്കോ ചണ്ഡീഗഡിലേക്കോ പോകാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, ഇത് പൈലറ്റ് വിസമ്മതിക്കുകയും വിമാനം ഇന്ത്യൻ വ്യോമാതിർത്തി വിടുകയും ചെയ്തു.
ബോംബ് ഭീഷണി ഉണ്ടായതിനു പിന്നാലെ, പഞ്ചാബ്, ജോധ്പൂർ വ്യോമത്താവളങ്ങളിൽ നിന്നുള്ള സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ വ്യോമസേന വിന്യസിച്ചു. ഭീഷണിയുടെ കാരണം വ്യക്തമല്ല.
ഇറേനിയൻ വിമാനത്തിന് ബോംബ് ഭീഷണി; ഡൽഹിയിൽ ഇറങ്ങാൻ അനുമതി നല്കിയില്ല
01:25 AM Oct 04, 2022 | Deepika.com