ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസപ്പിച്ച പ്രചണ്ഡ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (എൽസിഎച്ച്) പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.
രാജസ്ഥാനിലെ ജോധ്പുർ എയർഫോഴ്സ് സ്റ്റേഷനിൽനടന്ന ചടങ്ങിലാണ് പ്രചണ്ഡ ഹെലികോപ്റ്റർ വ്യോമസേനയിലെ 143-ാം യൂണിറ്റിന്റെ ഭാഗമായതായി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചത്.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച പ്രചണ്ഡ എൽസിഎച്ച് ഹെലികോപ്റ്റർ ഉയരം കൂടിയ പ്രദേശങ്ങളിൽ സൈനിക ഓപ്പറേഷനുകൾ നടത്തുന്നതിന് സഹായിക്കുന്നതാണ്. ആയുധങ്ങൾ, ഇന്ധനങ്ങൾ എന്നിവ വഹിച്ച് 5,000 മീറ്റർ ഉയരത്തിലുള്ള പ്രതലങ്ങളിൽനിന്നു പറന്നുയരുന്നതിനും ലാൻഡ് ചെയ്യുന്നതിനും സാധിക്കുന്ന ലോകത്തിലെ ആദ്യത്തെ സൈനിക ഹെലികോപ്റ്ററാണ് പ്രചണ്ഡ.
ഇരട്ട ശക്തി എൻജിനുകൾ ഉപയോഗിച്ചിട്ടുള്ള പ്രചണ്ഡ ഹെലികോപ്റ്ററിന് ഒളിയുദ്ധം നടത്തുന്നതിനുള്ള സ്റ്റെൽത്ത് ഫീച്ചറുകൾ, എല്ലാ കാലാവസ്ഥയിലും യുദ്ധം ചെയ്യാനുള്ള കഴിവ്, രാത്രിയിൽ ആക്രമണം നടത്തുന്നതിനുള്ള ശേഷി, ക്രാഷ്പ്രൂഫ് ലാൻഡിംഗ് ഗിയറുകൾ, റഡാറുകൾ തുടങ്ങിയ നിരവധി സവിശേഷകതകളുണ്ട്.
പ്രചണ്ഡ ഹെലികോപ്റ്ററുകൾ സേനയുടെ ഭാഗമാകുന്നത് ആത്മനിർഭർ ഭാരത് എന്ന സങ്കൽപത്തെ കൂടുതൽ യാഥാർഥ്യമാക്കുന്നു. കാർഗിൽ യുദ്ധത്തിന്റെ സമയം മുതൽ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ ആവശ്യം സൈന്യത്തിന് അനുഭവപ്പെട്ടിരുന്നു. തുടർന്ന് രണ്ട് പതിറ്റാണ്ടുകളുടെ ശ്രമഫലമായാണ് ഇതിനാവശ്യമായ സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിക്കാൻ രാജ്യത്തിനു സാധിച്ചതെന്നു രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രചണ്ഡ സൈനിക ഹെലികോപ്റ്റർ രാജ്യത്തിന് സമർപ്പിച്ചു
01:25 AM Oct 04, 2022 | Deepika.com