ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദേശീയ നേതാക്കൾ. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ തുടങ്ങിയവർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 153-ാം ജന്മവാർഷികമാണ് ഇന്നലെ ആഘോഷിച്ചത്.
നിരവധി കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരും ഗാന്ധിജിക്ക് പുഷ്പാർച്ചന നടത്തി. രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയിൽ സർവമത പ്രാർഥന സംഘടിപ്പിച്ചു.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും വിജയ് ഘട്ട് സന്ദർശിച്ച് മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധിയിലും ഇന്നലെ പുഷ്പാർച്ചന നടത്തി. പാർലമെന്റിലും പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ ഓം ബിർള, നിരവധി കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ എന്നിവർ ഗാന്ധിജിക്കും ലാൽ ബഹദൂർ ശാസ്ത്രിക്കും പുഷ്പാർച്ചന നടത്തി.
മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് രാജ്യം
02:20 AM Oct 03, 2022 | Deepika.com