പാറ്റ്ന: ബിഹാറിനെ പിന്നാക്കാവസ്ഥയിൽ നിന്നും കരകയറ്റാൻ രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പദയാത്രയുമായി ജനങ്ങൾക്കിടയിലേക്ക്. ബിഹാറിലെ പടിഞ്ഞാറൻ ചന്പാരനിലുള്ള ഗാന്ധിജിയുടെ ആശ്രമത്തിൽനിന്ന് ഇന്നലെയാണ് പദയാത്രയ്ക്കു തുടക്കമായത്. ഒന്നരവർഷത്തോളം ചെലവഴിച്ച് ബിഹാറിലെ മുഴുവൻ പഞ്ചായത്തുകളിലും എത്തി തന്റെ പദ്ധതികൾ പ്രഖ്യാപിക്കാനാണ് പ്രശാന്ത് കിഷോറിന്റെ തീരുമാനം. 3500 ഓളം കിലോമീറ്ററുകൾ ഇതിനായി പിന്നിടേണ്ടിവരും.
1917 ൽ ഗാന്ധിജി ആദ്യമായി സത്യഗ്രഹസമരം നടത്തിയ ആശ്രമത്തിൽ നിന്നാണ് യാത്ര. ഒട്ടേറെ അനുയായികളും ഒപ്പമുണ്ട്. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം. താഴെത്തട്ടിൽ നിന്നും അനുയോജ്യരായവരെ കണ്ടെത്തി ജനാധിപത്യസംവിധാനത്തിന്റെ നേതൃനിരയിലേക്കു കൊണ്ടുവരികയെന്നതും ലക്ഷ്യമാണെന്ന് പ്രശാന്ത് കിഷോർ പറയുന്നു.
ലോക് താന്ത്രിക് ദൾ എന്ന പേരിൽ സ്വന്തം രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചതായി അടുത്തിടെയാണ് പ്രശാന്ത് കിഷോർ പറഞ്ഞത്.
പ്രശാന്ത് കിഷോർ പദയാത്രയിൽ
02:20 AM Oct 03, 2022 | Deepika.com