ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഡൽഹിയിൽ മുസ്ലിം പള്ളി സന്ദർശിച്ചു പുരോഹിതനുമായി ചർച്ച നടത്തി. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷനിലെ പുരോഹിതൻ ഉമർ അഹമദ് ഇല്യാസുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയിൽ ചർച്ച നടത്തി.
ആർഎസ്എസ് സർ സംഘചാലക് എല്ലാ മേഖലയിലുമുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും തുടർ സംവാദങ്ങളുടെ ഭാഗമാണ് ഇത്തരം കൂടിക്കാഴ്കളെന്നും ആർഎസ്എസ് വക്താവ് സനിൽ അംബേദ്കർ വിശദീകരിച്ചു.
അതിനിടെ, രാജ്യത്ത് നിലവിലുള്ള അനൈക്യത്തിന്റെ അന്തരീക്ഷത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആശങ്കാകുലനാണെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ ഖുറേഷി അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.
ഖുറേഷിക്ക് പുറമേ ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജംഗ്, അലിഗഡ് സർവകലാശാല ലഫ്. ജനറൽ സമീർ ഉദ്ധിൻ ഷാ, മുൻ എംപി ഷാഹിദ് സിദ്ദിഖി, വ്യവസായി സയീദ് ഷെർവാണി എന്നിവരും മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി.
മോഹൻ ഭാഗവത് മുസ്ലിം നേതാക്കളെ കണ്ടു
12:23 AM Sep 23, 2022 | Deepika.com