രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 15 പേർക്ക് എതിരേ കുറ്റപത്രം തയാറാക്കി സിബിഐ. ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയത്തിൽ മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകളുണ്ടെന്നാണ് കണ്ടെത്തൽ. വിജയ് നായർ അഞ്ചാം പ്രതിയും തെലുങ്കാനയിൽ സ്ഥിര താമസമാക്കിയ അരുണ്‍ രാമചന്ദ്ര പിള്ള 14-ാം പ്രതിയുമാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
പുതിയ നയത്തിനു പിന്നിൽ വിജയ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലുണ്ടെന്നും ചില കന്പനികളുടെ ലൈസൻസിന് അരുണ്‍ ഇടനില നിന്നിട്ടുണ്ടെന്നും സിബിഐ പറയുന്നു. മനീഷ് സിസോദിയയ്ക്കു പുറമേ എക്സൈസ് കമ്മീഷണർ അരവാ ഗോപീകൃഷ്ണ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആനന്ദ് കുമാർ തിവാരി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പങ്കജ് ഭട്നാഗർ എന്നിവർക്ക് പുറമേ വിജയ് നായർ, അരുണ്‍ രാമചന്ദ്ര പിള്ള തുടങ്ങിയ ഒൻപത് വ്യവസായികളും രണ്ട് വ്യവസായ സ്ഥാപനങ്ങളും കേസിൽ പ്രതികളാണ്. കഴിഞ്ഞ വർഷം നവംബറിലാണ് ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നത്.
പുതിയ മദ്യനയം ഗവണ്മെന്റ് ഓഫ് നാഷണൽ കാപ്പിറ്റൽ ടെറിട്ടറി ഡൽഹി ആക്റ്റ് (1991), ട്രാൻസാക്ഷൻ ഓഫ് ബിസിനസ് റൂൾസ് (1993), ഡൽഹി എക്സൈസ് ആക്റ്റ് (2009), ഡൽഹി എക്സൈസ് റൂൾസ് (2010) തുടങ്ങിയ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജൂലൈ എട്ടിനാണ് ഡൽഹി ചീഫ് സെക്രട്ടറി ഗവർണർ വിനയ് സക്സേനയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത്.
പുതിയ മദ്യ നയത്തിലൂടെ സ്വകാര്യ മദ്യവ്യാപാരികളുടെ കൈയിൽ നിന്ന് എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മനീഷ് സിസോദിയ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പാരിതോഷികങ്ങൾ കൈപ്പറ്റിയെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ (2021-22) മദ്യ വ്യാപാരത്തിനുള്ള ടെൻഡറുകൾ നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ചകളുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് ലൈസൻസ് ഫീ ടെൻഡറിന് അപേക്ഷിച്ച മദ്യ ലോബിക്ക് ഡൽഹി സർക്കാർ 143.46 കോടി രൂപ ഇളവ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിനുപുറമേ വിമാനത്താവളങ്ങളിലെ മദ്യ ഒൗട്ട്ലെറ്റുകളുടെ പക്കൽനിന്ന് 30 കോടി രൂപ പിടിച്ചെടുക്കുന്നതിനു പകരം തുക വിട്ടുനൽകുകയും വിദേശനിർമിത വിദേശമദ്യങ്ങളുടെ വില കുറയ്ക്കുകയും ചെയ്തു, സ്വകാര്യ മദ്യവിൽപനക്കാരുടെ കൈയിൽനിന്ന് ലൈസൻസ് ഫീസ് ഈടാക്കുന്നതിൽ വീഴ്ച വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഗവർണർ സിബിഐക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നത്.
ഡൽഹി സർക്കാരിന്റെ മദ്യനയത്തിൽ കുറ്റപത്രം തയാറാക്കി സിബിഐ
02:00 AM Aug 20, 2022 | Deepika.com