ന്യൂഡൽഹി: ദേശസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകൾ വിലക്കി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. വിലക്കിയ ചാനലുകളിൽ ഏഴ് ഇന്ത്യൻ ചാനലുകൾക്കു പുറമേ ഒരു പാക്കിസ്ഥാൻ ചാനലും ഉൾപ്പെടുന്നുണ്ട്.
ലോക് തന്ത്ര ടിവി, യു ആൻഡ് വി ടിവി, എഎം റസ്വി, ഗൗരവ്ശാലി പവൻ മിഥിലാഞ്ചൽ, സീടോപ്പ് 5ടിഎച്ച്, സർക്കാരി അപ്ഡേറ്റ്, സബ് കുച്ച് ദേഖോ എന്നീ ഇന്ത്യൻ ചാനലുകൾക്ക് പുറമേ പാക്കിസ്ഥാനിൽനിന്നുള്ള ന്യൂസ് കി ദുനിയയുമാണ് വിലക്കിയ ചാനലുകൾ.
ഇന്ത്യൻ സായുധസേന, ജമ്മു കാഷ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജവാർത്തകളും മത വിദ്വേഷവും വിഭാഗീയതയും പടർത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് ചാനലുകളിലൂടെ പ്രചരിപ്പിച്ചിരുന്നത്.
2021ലെ ഐടി നിയമങ്ങൾ അനുസരിച്ച് രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയെന്നു കണ്ടെത്തിയ 102 യുട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്.
ദേശസുരക്ഷയ്ക്കു ഭീഷണി: എട്ട് യൂട്യൂബ് ചാനലുകൾക്കു വിലക്ക്
01:56 AM Aug 19, 2022 | Deepika.com