"ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കന്പനി’എന്നറിയപ്പെട്ടിരുന്ന "ജോണ് കന്പനി’ ഒരു സ്റ്റോക്ക് കന്പനിയായാണ് ആരംഭിച്ചത്. ഇതിനുള്ള റോയൽ ചാർട്ടർ നൽകിയത് 1600 ഡിസംബർ 31ന്. ഇംഗ്ലണ്ടണ്ടിലെ ഒരു സംഘം പ്രബലരായ ബിസിനസുകാരായിരുന്നു കന്പനി രൂപീകരിച്ചത്.
പിന്നീട് ഈസ്റ്റ് ഇന്ത്യ കന്പനി ഇന്ത്യയിൽ നിർണായക ശക്തിയായി മാറുന്നതാണ് കണ്ടത്. പതിയെപ്പതിയെ ഇന്ത്യയിലെ നാട്ടു രാജ്യങ്ങളെ ഭരിക്കുന്ന തരത്തിലേക്കു കന്പനിയുടെ പ്രവർത്തനം വ്യാപിച്ചു. ഒടുവിൽ ഈസ്റ്റ് ഇന്ത്യ കന്പനിയിൽനിന്ന് അധികാരം ബ്രിട്ടീഷ് സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
1757 പ്ലാസി യുദ്ധം
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയും തമ്മിൽ നടന്നതാണ് പ്ലാസി യുദ്ധം. റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുളള കന്പനി സൈന്യം വിജയം നേടി. ഈസ്റ്റ് ഇന്ത്യ കന്പനി ഇന്ത്യയിൽ നിർണായക ശക്തിയായിത്തീരുന്നത് ഈ യുദ്ധത്തിനു ശേഷമാണ്. ബ്രീട്ടീഷ് വാഴ്ചയുടെ തുടക്കവും ഇവിടെ തുടങ്ങി എന്നുപറയാം.
സന്യാസികളുടെ സമരം
മജ്നു ഷാ എന്ന ഫക്കീർ നേതാവും ഭവാനി പാഥക്ക് എന്ന സന്യാസി നേതാവും ചേർന്നു രംഗപൂരിൽ ഈസ്റ്റ് ഇന്ത്യ കന്പനിക്കെതിരേ നടത്തിയ പോരാട്ടം. ദേവി ചൗധരാണി അടക്കമുള്ള സ്ത്രീകളും ഈ പോരാട്ടത്തിൽ പങ്കാളികളായി. സമരത്തിനിടെ ക്യാപ്റ്റൻ തോമസ് കൊല്ലപ്പെട്ടു.
1773 ഈസ്റ്റ് ഇന്ത്യ കന്പനി ( റെഗുലേറ്റിംഗ്) ആക്ട് ബ്രീട്ടീഷ് പാർലമെന്റ് പാസാക്കി. ഭരണത്തിൽ നിയന്ത്രണം.
1784 പിറ്റിന്റെ ഇന്ത്യാ ആക്ട് ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യാ ഭരണത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.
1798-1799 നാലാം മൈസൂർ യുദ്ധം
ശ്രീരംഗപട്ടണത്തു ടിപ്പു സുൽത്താനും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന പോരാട്ടം. പരാജിതനായ ടിപ്പു യുദ്ധരംഗത്തുനിന്നു പിൻവാങ്ങി ശ്രീരംഗപട്ടണം കോട്ടയിൽ ഒളിച്ചു. 1799 മേയ് നാലിന് ടിപ്പു കൊല്ലപ്പെട്ടു.
ഈ പോരാട്ടത്തോടെ ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം പൂർണമായി.
കട്ടബൊമ്മൻ തൂക്കിലേറ്റപ്പെട്ടു
നാട്ടു രാജ്യമായ അഴകിയ വീരപാണ്ഡ്യപുരം എന്ന നാട്ടുരാജ്യത്തെ അവസാന രാജാവ്. ബ്രിട്ടീഷുകാർക്കെതിരേ പോരാടിയ കട്ടബൊമ്മനെ രക്തരൂഷിതമായ യുദ്ധത്തിനൊടുവിൽ തടവിലാക്കുകയും 1799ഒക്ടോബർ 16ന് തൂക്കിലേറ്റുകയും ചെയ്തു.
1809 വേലുത്തന്പിദളവയുടെ മരണം
തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെന്പകരാമൻ തന്പി എന്ന വേലുത്തന്പി. ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ പങ്കുചേരാൻ നാട്ടുകാരായ പടയാളികളോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ അദ്ദേഹം 1809 ഏപ്രിൽ എട്ടിന് ജീവനൊടുക്കി.
1824 ബാരക്പൂരിൽ സൈനിക കലാപം. ഇന്ത്യൻ പട്ടാളക്കാർ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്തു.
രാജാ റാം മോഹൻ റായ്
എല്ലാ തരത്തിലുള്ള പാരതന്ത്ര്യത്തിനുമെതിരായിരുന്ന റാം മോഹൻ റോയി ബ്രിട്ടീഷ് ഭരണത്തിനെതിരായ ആശയങ്ങളെ ജനമനസുകളിൽ പാകി. ബംഗാളിൽനിന്നുള്ള നവോത്ഥാന ചിന്തകൾക്കു ശക്തിയേകിയത് അദ്ദേഹം സ്ഥാപിച്ച ബ്രഹ്മസമാജമാണ്.
1846 ഒന്നാം ബ്രിട്ടീഷ് യുദ്ധം. പഞ്ചാബിന്റെ പരാജയം.
1851 ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ കൽക്കട്ടയിൽ
1855-1856 സന്താൾ വിപ്ലവം
ഈസ്റ്റ് ഇന്ത്യ കന്പനിയുടെ ചൂഷണത്തിനിരയായ സന്താൾ ഗോത്രജനത നടത്തിയ കലാപമാണ് സന്താൾ വിപ്ലവം എന്ന പേരിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്. വിപ്ലവകാരികളെ 1856 ജനുവരി മൂന്നിനു ബ്രിട്ടീഷ് സായുധ സേന അടിച്ചൊതുക്കി.
1857 ശിപായി ലഹള
ബ്രിട്ടീഷ് ഭരണത്തിനെതിരേ നടന്ന ഒന്നാം സ്വാതന്ത്ര്യസമരം. മംഗൾ പാണ്ഡേ എന്ന ശിപായിയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. 1857 മാർച്ച് 29ന് 34 ആം റെജിമെന്റിലെ മംഗൾ പാണ്ഡേ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചു. ഈ കുറ്റത്തിനു മംഗൾ പാണ്ഡേയെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തു.
ഈ വാർത്ത കാട്ടുതീ പോലെ പരന്നു. അതിനെത്തുടർന്നു കലാപം പൊട്ടിപ്പുറപ്പെട്ടു. ഒപ്പം മീററ്റിൽ ഈസ്റ്റ് ഇന്ത്യ കന്പനി പട്ടാളക്കാർക്കു നൽകിയ വെടിയുണ്ടകളിൽ പന്നിയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നു വാർത്ത പരുന്നു. ഉപയോഗിക്കുന്നതിനു മുന്പു കടിച്ചു തുറക്കേണ്ടുന്ന വെടിയുണ്ടകളായിരുന്നു ഇവ. ഇതു ഹൈന്ദവ മുസ്ലിം പട്ടാളക്കാരെ പ്രകോപിപ്പിക്കുകയും സൈന്യത്തിനുള്ളിൽത്തന്നെ കലാപത്തിനു വഴിയൊരുക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ ഈ കലാപത്തെ ശിപായിലഹള എന്നാണ് വിളിച്ചത്.
ഝാൻസി റാണി വധിക്കപ്പെട്ടു
ഝാൻസിയിലെ മറാഠാ ഭരണാധികാരി. (നിലവിൽ ഉത്തർപ്രദേശിൽ) രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ്. 1857ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു. ബ്രിട്ടീഷ് സൈനികനിൽനിന്നു റാണിക്കു മാരകമായി മുറിവേറ്റു. 1858 ജൂണ് 18ന് ഇഹലോകവാസം വെടിഞ്ഞു.
1858 ഓഗസ്റ്റ് 2 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയിൽനിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഗവണ്മെന്റ് നേരിട്ട് ഏറ്റെടുത്തു.
നീലം വിപ്ലവം
ബംഗാളിൽ നടന്ന കാർഷിക സമരമാണ് നീലം പ്രക്ഷോഭം. അന്യായമായ കരാറുകളിലൂടെ നീലം വിത്തു പാകാൻ തങ്ങളെ നിർബന്ധിതരാക്കിയ ഈസ്റ്റ് ഇന്ത്യ കന്പനിക്കെതിരേ കർഷകസമൂഹം സംഘടിച്ചു നടത്തിയ പ്രക്ഷോഭമാണിത്.
ആര്യസമാജം സ്ഥാപിച്ചു
1876ൽ ഇന്ത്യ ഫോർ ഇന്ത്യ എന്ന പേരിൽ സ്വരാജിന് ആദ്യമായി ആഹ്വാനം നൽകിയത് അദ്ദേഹമാണ്, പിന്നീട് ലോകമാന്യ തിലക് ഇത് ഏറ്റെടുത്തു. ദയാനന്ദ സരസ്വതിയുടെ ആശയങ്ങളിലും ആദർശങ്ങളിലും സ്വാധീനിക്കപ്പെട്ട ഭഗത് സിംഗ്, വിനായക് ദാമോദർ സവർക്കർ, ലാലാ ലജ്പത് റായ് എന്നിവർ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിർണായക സ്വാധീനം ചെലുത്തി.
1877ൽ നാഗ്പുരിലെ തുണിമില്ലുകളിൽ പണിമുടക്ക്. ആദ്യത്തെ പണിമുടക്കുസമരം.
ഡൽഹി ഡർബാർ. വിക്ടോറിയാ രാജ്ഞിയെ ഇന്ത്യയുടെ ഭരണാധികാരിയായി പ്രഖ്യാപിച്ചു.
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്
എ.ഒ.ഹ്യൂമിന്റെയും ഡബ്ളിയു. സി. ബാനർജിയുടെയും ദാദാ ഭായ് നവറോജിയുടെയും നേതൃത്വത്തിലായിരുന്നു രൂപീകരിക്കപ്പെട്ടത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്രബിന്ദുവായി കോണ്ഗ്രസ് മാറി. മഹാത്മാ ഗാന്ധിയുടെ വരവോടെ സ്വാതന്ത്ര്യ സമരത്തിന്റെ സ്വഭാവം മാറി. അദ്ദേഹത്തിന്റെ നിസഹകരണം, അഹിംസാ മാർഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ കോണ്ഗ്രസ് സ്വീകരിച്ചു.
1906 കൽക്കത്ത കോണ്ഗ്രസ് സമ്മേളനത്തിൽ സ്വരാജ്’ ആണ് തങ്ങളുടെ ലക്ഷ്യമെന്നു ദാദാഭായി നവറോജി പ്രഖ്യാപിച്ചു. ബാരിസ്റ്റർ മുഹമ്മദ് അലി ജിന്ന കോണ്ഗ്രസിൽ ചേർന്നു.
1919 റൗളറ്റ് ആക്റ്റ്
ബ്രിട്ടീഷുകാർ നടപ്പിലാക്കിയ കരിനിയമമായിരുന്നു റൗളറ്റ് ആക്റ്റ്. ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ഈ നിയമം സർക്കാരിന് അധികാരം നൽകി. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റായിരുന്നു ഈ നിയമത്തിനു പിന്നിൽ.
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. റൗളറ്റ് ആക്ടിനെതിരേ ഇരുപതിനായിരത്തോളം പേർ പഞ്ചാബിലെ ജാലിയൻവാലാബാഗ് എന്ന സ്ഥലത്തു യോഗം ചേരുന്നതിനിടെ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ മൈക്കിൾ ഒ. ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അവിയെയെത്തി യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു. ബ്രിട്ടീഷ് കണക്കിൽ 379 പേർ വെടിവയ്പിൽ മരിച്ചു.
1922-ചൗരി ചൗരാ സംഭവം
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി 1922 ഫെബ്രുവരി അഞ്ചിന് ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ ഒരു ജാഥ നടന്നു. എന്നാൽ, ആ ജാഥയ്ക്കു നേരേ ബ്രിട്ടീഷ് പോലീസ് നിറയൊഴിച്ചു. ഇതിൽ പ്രകോപിതരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു തീയിട്ടു. മൂന്നു സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു. ഇതിനെത്തുടർന്ന് മഹാത്മാ ഗാന്ധി നിസഹകരണ സമരം അവസാനിപ്പിച്ചു.
1927 ലാലാ ലജ്പത്റായ് പോലീസ് മർദനത്തിൽ മരിച്ചു. മർദനത്തിനു നേതൃത്വം നൽകിയ ജോണ് സണ്ടേഴ്സിനെ ഭഗത്സിംഗ് വെടിവച്ചു കൊന്നു.
1929 ഭഗത ്സിംഗും കൂട്ടരും സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോബെറിഞ്ഞു.
1929ൽ ജവഹർലാൽ നെഹ്രു കോണ്ഗ്രസിന്റെ തലപ്പത്തെത്തി. പൂർണ സ്വരാജ് (സന്പൂർണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ലക്ഷ്യമായി ജവഹർലാൽ നെഹ്റു പ്രഖ്യാപിച്ചു. 1930 ജനുവരി 26 പൂർണ സ്വരാജ് ദിവസമായും ആചരിച്ചു.
ദണ്ഡിയാത്രയും ഉപ്പു സത്യഗ്രഹവും
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും നിർണായകമായ സമരം എന്നു വിശേഷിപ്പിക്കുന്നത് ഉപ്പു സത്യഗ്രഹമാണ്. 1930 മാർച്ച് ഒന്നാം തീയതി സബർമതി ആശ്രമത്തിൽനിന്ന് 200 മൈൽ അകലെയുള്ള ദണ്ഡി കടൽപ്പുറത്തേക്ക് 78 സന്നദ്ധ ഭടന്മാരോടൊപ്പം മഹാത്മാ ഗാന്ധി കാൽനടയായി ഉപ്പു കുറുക്കാൻ പുറപ്പെട്ടു. ദണ്ഡി യാത്രയെന്നു പിൽക്കാലത്ത് ഇതറിയപ്പെട്ടു.
1931 ഭഗത ്സിംഗിനെ തൂക്കിക്കൊന്നു
ജോണ് സൗണ്ടേഴ്സ് വധക്കേസിലും ലാഹോർ അസംബ്ലിയിൽ ബോംബെറിഞ്ഞ കേസിലും ഭഗത് സിംഗിനൊപ്പം രാജ് ഗുരു, സുഖ് ദേവ് എന്നിവരെയും 1931 മാർച്ച് 23 വൈകിട്ട് 7.30ന് തൂക്കിലേറ്റി.
1937-1939 സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സായുധ പോരാട്ടത്തിലൂടെയെ ഇന്ത്യക്കു സ്വാതന്ത്ര്യം നേടാനാവുകയുള്ളൂ എന്നും വിശ്വസിച്ചു. ഈ വിശ്വാസമാണ് അദ്ദേഹത്തെ ഇന്ത്യൻ നാഷണൽ ആർമിയിൽ ചേരാൻ പ്രേരിപ്പിച്ചത്. 1941ൽ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ തടവിലാക്കി. പിന്നീട് തടവിൽനിന്നു രക്ഷപ്പെട്ട അദ്ദേഹം ജർമനിയിലേക്കു പോയി.
1942 ക്വിറ്റ് ഇന്ത്യാ സമരം
പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഉയർത്തി മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചു. ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്നതായിരുന്നു സമരത്തിന്റെ ലക്ഷ്യം.
1943
ഗാന്ധിജി ജയിലിൽ 21 ദിവസത്തെ നിരാഹാരവ്രതം ആരംഭിച്ചു. സുഭാഷ് ചന്ദ്രബോസ് ജർമനിയിൽനിന്നു സിംഗപ്പൂരിലെത്തി ആസാദ് ഹിന്ദ് ഗവൺമെന്റ് രൂപീകരിച്ചു.
1946 റോയൽ ഇന്ത്യൻ നേവി കലാപം
ബോംബെ തുറമുഖത്ത് കപ്പലുകളിലും തീരത്തെ സ്ഥാപനങ്ങളിലുമുണ്ടായിരുന്ന റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ നാവികർ ആകമാനം സമരം ചെയ്തതും ഇതിനു പിന്നാലെ ഉണ്ടായ ലഹളകളുമാണ് റോയൽ ഇന്ത്യൻ നേവി ലഹള എന്ന് അറിയപ്പെടുന്നത്. ബ്രിട്ടീഷ് സർക്കാരിനെ ഇന്ത്യയയിൽനിന്നു പിൻവാങ്ങാൻ പ്രേരിപ്പിച്ച പ്രധാന സംഭവമായാണ് ഈ കലാപത്തെ വിശേഷിപ്പിക്കുന്നത്.
1947 സ്വാതന്ത്ര്യം
1947 ജൂണ് മൂന്നിന് ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആയ വൈസ്രോയി ലൂയി മൗണ്ട്ബാറ്റണ് ഇന്ത്യയെ ഇന്ത്യ പാക്കിസ്ഥാൻ എന്നു രണ്ടായി വിഭജിക്കുമെന്നു പ്രഖ്യാപിച്ചു. 1947 ഓഗസ്റ്റ് 14നു മുഹമ്മദ് അലി ജിന്ന പ്രസിഡന്റും ലിയാക്കത്ത് അലിഖാൻ പ്രധാനമന്ത്രിയുമായി പാക്കിസ്ഥാനും ഒാഗസ്റ്റ് 15ന് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി ഇന്ത്യയും സ്വതന്ത്ര രാജ്യങ്ങളായി.
-തയാറാക്കിയത്: സന്ദീപ് സലിം
ഈസ്റ്റ് ഇന്ത്യ കന്പനിയുടെ വരവു മുതൽ സ്വതന്ത്ര ഇന്ത്യയുടെ പിറവി വരെ
12:12 AM Aug 15, 2022 | Deepika.com