ന്യൂഡൽഹി: അവശ്യ സാധനങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നും സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വർഷത്തേക്കു കൂടി നീട്ടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തണം. സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണം.
പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണം. കേരളത്തിന്റെ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിന് ദേശീയപാത വികസനമടക്കമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തികരിക്കണം. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിന്റെ വ്യോമ, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
590 കിലോമീറ്റർ തീര പ്രദേശമുള്ള കേരളത്തിൽ കനത്ത മഴ മണ്ണൊലിപ്പ് വർധിപ്പിക്കുന്നു. തീരസംരക്ഷണ നടപടികൾ മെച്ചപ്പെടുത്തുന്നതിന് കേന്ദ്രത്തിന്റെ സാങ്കേതികവും സാന്പത്തികവുമായ പിന്തുണ വേണം. മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണം.
തേങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉല്പന്നങ്ങൾ നിർമിക്കുന്നതിനും, ടിഷ്യൂ കൾച്ചർ തെങ്ങിൻ തൈകളുടെ ഉത്പാദനത്തിനും വിപണനത്തിനും അവശ്യമായ ഗവേഷണ വികസന സാന്പത്തിക സഹായങ്ങൾ ഉണ്ടാവണം. പാം ഓയിൽ ഉത്പാദനത്തിൽ മുൻനിരയിലുള്ള കേരളത്തിൽ ഒരു സംസ്കരണ യൂണിറ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. പാം ഓയിൽ ഉത്പാദനം വർധിപ്പിക്കുന്നതിന് പുതിയ സംസ്കരണശാലകൾ തുടങ്ങുന്നതിന് പിന്തുണ നൽകണം. നിലക്കടലയുടെ ഉത്പാദനത്തിനും സാങ്കേതികവും സാന്പത്തികവുമായ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപെട്ടു.
കോവിഡിന് ശേഷമുള്ള സാന്പത്തിക സാഹചര്യത്തിൽ നിന്നും സംസ്ഥാനം രക്ഷ നേടാത്തതിനാൽ കേരളത്തിന്റെ വായ്പ പരിധി ഉയർത്തുന്നതിനുള്ള നടപടികളുണ്ടാകണം. വിദ്യാഭ്യാസത്തിലൂടെ ജനാധിപത്യം, ഭരണഘടന മൂല്യങ്ങൾ, മതേതരത്വം, ശാസ്ത്രാവബോധം എന്നിവ ഉൾക്കൊള്ളുന്നതിന് വിദ്യാർഥികൾ പ്രാപ്തരാകണം എന്നാണ് സംസ്ഥാനത്തിന്റെ കാഴ്ചപ്പാട്.
ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയർന്ന പങ്കാളിത്തവും ഗുണമേന്മയും സർക്കാർ ലക്ഷ്യം വയ്ക്കുന്നു. സ്വകാര്യ വിദ്യാഭ്യാസത്തിലൂടെ എല്ലാവർക്കും സന്പൂർണ വിദ്യാഭ്യാസം എന്ന ആശയം സാധ്യമാകില്ല. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ അന്തരം കുറയ്ക്കാനാണ് സംസ്ഥാനത്തിന്റെ കെ-ഫോണ്‍ പദ്ധതി.
കൃഷി-മൃഗസംരക്ഷണം- മത്സ്യബന്ധനം എന്നിവയിൽ കേരളം രൂപപ്പെടുത്തിയ സമഗ്ര മാതൃക മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയമാണന്നതും മുഖ്യമന്ത്രി കൗണ്‍സിലിന്റെ ശ്രദ്ധയിൽ പെടുത്തി.
കേന്ദ്രസർക്കാർ ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്ന് മുഖ്യമന്ത്രി
01:05 AM Aug 08, 2022 | Deepika.com