ന്യൂഡൽഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ കോണ്ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും പ്രധാനമന്ത്രിയുടെ വസതിയിലേക്കും പാർട്ടിയുടെ രാജ്യസഭാ, ലോക്സഭാ എംപിമാർ രാഷ്ട്രപതിഭവനിലേക്കും മാർച്ച് നടത്താനാണു പദ്ധതിയിട്ടിരുന്നത്.
എന്നാൽ, പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പോലീസ് എഐസിസി ആസ്ഥാനത്തും പരിസരത്തും കനത്ത ബന്തവസ് ഏർപ്പെടുത്തി. ജന്തർ മന്തർ ഒഴികെ ന്യൂഡൽഹിയിൽ 144 പ്രഖ്യാപിച്ചു; കോണ്ഗ്രസ് പ്രതിഷേധത്തിന് അനുമതിയും നിഷേധിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി.
എഐസിസി ആസ്ഥാനത്തിനു പുറത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ബാരിക്കേഡ് ചാടിക്കടന്നു മുന്നേറിയ പ്രിയങ്ക ഗാന്ധിയെ പോലീസ് വലിച്ചിഴച്ചാണു നീക്കിയത്. ഇവരെ പിന്നീട് ഡൽഹി പോലീസിന്റെ കിംഗ്സ് വേ ക്യാന്പിലേക്ക് മാറ്റി. പിന്നീട്, വിട്ടയച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കാസ്, അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, മനീഷ് തിവാരി എന്നിവരെയും പോലീസ് ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അടക്കമുള്ള കോണ്ഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കോണ്ഗ്രസ് എംപിമാരെ പോലീസ് മർദിക്കുകയും വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്തു എന്ന് അറസ്റ്റിനു മുന്പ് രാഹുൽ ഗാന്ധി തന്നെ പറഞ്ഞിരുന്നു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് കോണ്ഗ്രസ് പ്രതിഷേധിക്കുന്നത്. ഇതിനെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി സർക്കാർ രാജ്യത്ത തന്നെ അവരുടെ സുഹൃത്തുക്കൾക്ക് വിറ്റു കഴിഞ്ഞിരിക്കുന്നു. അതിനാൽ വിലക്കയറ്റത്തെക്കുറിച്ചോ അതിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചോ അവർക്ക് ഒന്നുംതന്നെ അറിയാൻ കഴിയുന്നില്ലെന്നാണ് അറസ്റ്റിനുശേഷം പോലീസ് വാഹനത്തിലിരുന്ന പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി നിരക്കുവർധന എന്നിവയിൽ പ്രതിഷേധിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് അംഗങ്ങൾ ഇന്നലെ കറുപ്പു വസ്ത്രങ്ങളണിഞ്ഞാണു പ്രതിഷേധിച്ചത്. ഇതേ വിഷയങ്ങൾ ഉയർത്തിക്കാട്ടി കോണ്ഗ്രസ് ഇന്നലെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പലയിടത്തും പോലീസ് പ്രവർത്തകർക്കെതിരേ ജലപീരങ്കി അടക്കം ഉയോഗിച്ചു. ചണ്ഡിഗഡിലും ജമ്മു കാഷ്മീരിലും പോലീസ് കോൺഗ്രസ് പ്രവർത്തകരുടെ മേൽ ബലം പ്രയോഗിക്കുകയും ചെയ്തു.
രാഹുലും പ്രിയങ്കയും അറസ്റ്റിൽ
02:32 AM Aug 06, 2022 | Deepika.com