ന്യൂഡൽഹി: പാർലമെന്റ് സമ്മേളിക്കുന്ന ദിവസം നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിനെ രൂക്ഷമായി വിമർശിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്നും അത്തരം ഇടപെടലുകൾ നടത്തുന്നത് കോണ്‍ഗ്രസ് പാർട്ടിയുടെ രീതിയാണെന്നും ബിജെപി കക്ഷി നേതാവ് പിയൂഷ് ഗോയൽ മറുപടി നൽകി.
യംഗ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസിൽ ചൊവ്വാഴ്ച പരിശോധനയ്ക്കെത്തിയ ഇഡി ഓഫീസ് ഭാരവാഹികളുടെ അസാന്നിധ്യത്തെ തുടർന്ന് തിരികെ പോയിരുന്നു. തുടർന്നാണ് തെരച്ചിൽ പൂർത്തിയാക്കുന്നതിന് ഇന്നലെ ഉച്ചയ്ക്ക് 12:30ന് ഹെറാൾഡ് ഹൗസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ഇഡി അയച്ചത്.
ഇത്തരം നടപടികളിൽ പേടിക്കില്ലെന്നു പറഞ്ഞ ഖാർഗെ വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഗോയല്‍ പറഞ്ഞു.
അന്വേഷണ ഏജൻസികളുടെ ദുരുപയോഗം: വിമർശനവുമായി ഖാർഗെ
12:42 AM Aug 05, 2022 | Deepika.com