ജമ്മു: കാഷ്മീരിൽ അറസ്റ്റിലായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ താലിബ് ഹുസൈൻ ഷായ്ക്കു ബിജെപിബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു മേഖലാ ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ഷെയ്ഖ് ബഷീറിനു ബിജെപി നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് അയച്ചു.
താലിബ് ഹുസൈൻ ഷായെ ന്യൂനപക്ഷ മോർച്ച ഐടി സെൽ അധ്യക്ഷനായി നിയമിച്ചതു ഷെയ്ഖ് ബഷീറായിരുന്നു. 48 മണിക്കൂറിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാർട്ടിക്കെതിരേ ആരോപിക്കുന്ന ഭീകരബന്ധ ഗൂഢാലോചനയ്ക്കെതിരേ എൻഐഎ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ബിജെപിയുടെ ഭീകരരുമായുള്ള ബന്ധത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചയാണു താലിബ് ഹുസൈൻ ഷാ, ഫൈസൽ അഹമ്മദ് ദാർ എന്നീ ഭീകരരെ പുൽവാമ ജില്ലയിൽനിന്നു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ബിജെപി നേതാക്കൾക്കൊപ്പമുള്ള താലിബ് ഹുസൈൻ ഷായുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മേയ് ഒന്‍പതിനാണു ഷായെ ന്യൂനപക്ഷ മോർച്ച ഐടി, സോഷ്യൽ മീഡിയ ചുമതലക്കാരനാക്കിയത്.
ഭീകരബന്ധം: ജമ്മു ന്യൂനപക്ഷ മോർച്ച അധ്യക്ഷനു ബിജെപിയുടെ കാരണംകാണിക്കൽ നോട്ടീസ്
01:23 AM Jul 06, 2022 | Deepika.com