ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) ഭേദഗതികളുമായി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ പ്രവർത്തനങ്ങൾക്കു വിദേശസംഭാവന അല്ലെങ്കിൽ സഹായങ്ങൾ സ്വീകരിക്കുന്നതു തടയുന്നതിനാണു നടപടി.
എഫ്സിആർഎ 2011 ൽ ഏഴു പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ വരുത്തിയിട്ടുള്ളത്. പുതിയ നിയമം വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി നിയമങ്ങൾ, 2022 എന്ന പേരിൽ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർക്കും വിദേശ ഇന്ത്യക്കാർക്കും വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി നിയമങ്ങൾ ഒരുപോലെ ബാധകമാണ്. ഇതിനു പുറമേ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ശാഖകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവരും നിയമത്തിന്റെ പരിധിയിൽ വരും.
ഭേദഗതികൾ
വിദേശത്തുള്ള ബന്ധുമിത്രാദികളിൽ നിന്നു വർഷത്തിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ സംഭാവന സ്വീകരിക്കുന്നവർ 30 ദിവസത്തിനുള്ളിൽ കേന്ദ്രസർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നായിരുന്നു എഫ്സിആർഎ 2011 ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഭേദഗതിയിൽ ഒരു ലക്ഷം രൂപയെന്നത് പത്തു ലക്ഷം രൂപയായും 30 ദിവസമെന്നത് മൂന്നു മാസമായും തിരുത്തി.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ അല്ലെങ്കിൽ മുൻകൂർ അനുമതി സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഒന്നോ അതിലധികമോ ബാങ്കുകളിൽ അക്കൗണ്ട് തുറന്നാൽ 15 ദിവസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ രേഖാമൂലം വിവരം അറിയിക്കണമെന്നുള്ള നിബന്ധന 45 ദിവസമായി ഭേദഗതി ചെയ്തു.
വിദേശ സംഭാവനകൾ സ്വീകരിക്കുന്ന വ്യക്തികൾ സാന്പത്തികവർഷത്തിലെ നാലു മാസത്തെ ഇടവേളകളിൽ സംഭാവന ലഭിച്ച തുക, തീയതി, സംഭാവന നൽകിയ ആളുടെ വിവരങ്ങൾ എന്നിവ ഒൗദ്യോഗിക വെബ്സൈറ്റിൽ പരസ്യമാക്കണമെന്നുള്ള നിബന്ധന ഭേദഗതിയിലൂടെ നീക്കം ചെയ്തു.
വിദേശസംഭാവന സ്വീകരിക്കുന്നതിനു രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള സ്ഥാപനത്തിന്റെ പേര്, വിലാസം, ബാങ്ക് അക്കൗണ്ട്, സ്ഥാപനത്തിന്റെ ലക്ഷ്യവും താത്പര്യവും, പ്രധാനപ്പെട്ട അംഗങ്ങളുടെ പേരുകൾ എന്നിവയിൽ മാറ്റം വരുത്തുന്നതിന് 15 ദിവസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നുള്ള നിയമം 45 ദിവസമായി ഭേദഗതി ചെയ്തു.
വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പുനഃപരിശോധിക്കണമെങ്കിൽ അപേക്ഷാഫീസിനൊപ്പം രേഖാമൂലം ആവശ്യപ്പെടണമെന്നുള്ള നിയമം ഇനിമുതൽ ഇലക്ട്രോണിക് മാർഗങ്ങളിലൂടെയും ആവശ്യപ്പെടാമെന്നും ഭേദഗതി ചെയ്തിട്ടുണ്ട്.
വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി നിയമം പ്രാബല്യത്തിൽ
03:34 AM Jul 03, 2022 | Deepika.com