ഹൈദരാബാദ്: ബിജെപി ദേശീയ എക്സിക്യുട്ടീവ് യോഗം ഇന്നു ഹൈദരാബാദിൽ തുടങ്ങും. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാനുള്ള തന്ത്രങ്ങൾക്ക് ഊന്നൽനൽകിയാണ് ദ്വിദിന സമ്മേളനം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ പങ്കെടുക്കും. ഇതോടൊപ്പം കേന്ദ്രമന്ത്രിമാരും ബിജെപി ഭരണസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചർച്ചകളിൽ പങ്കുചേരും.
കർണാടകയിൽ അധികാരത്തിൽത്തുടരുന്ന ബിജെപി സമീപസംസ്ഥാനമായ തെലുങ്കാനയെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്. അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കുന്ന തെലുങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കാന രാഷ്ട്ര സമിതിയെ (ടിആർഎസ്) പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തും.
2020 ൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടാനായത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. ടിആർഎസിന് 56 സീറ്റുകളും ലഭിച്ചിരുന്നു. അടുത്തിടെ നടന്ന ഹസൂറാബാദ്, ദുബാക്ക ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ബിജെപി ദേശീയ എക്സിക്യൂട്ടീവിന് ഇന്നു തുടക്കം
12:35 AM Jul 02, 2022 | Deepika.com