ന്യൂഡൽഹി: റവന്യു വകുപ്പിൽ ഭൂസർവേ നടത്തുന്നതിനും ഡ്രോണ്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക വിളകളുടെ പരിപാലനത്തിനായി മൈക്രോ ജലസേചനത്തിനും മരുന്നുകൾ തളിക്കുന്നതിനും ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ഇതിനു പുറമേ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ കൃത്യമായ ഭൂരേഖകൾ നിർമിക്കുന്നതിനും ഡ്രോണുകൾ സഹായിക്കും.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഡ്രോണ്‍ സാങ്കേതിക വിദ്യ ജനങ്ങൾക്കു പരിചയപ്പെടുത്തുന്നതിന് ഡൽഹിയിൽ നടന്ന ഡ്രോണ്‍ മഹോത്സവത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഗ്രാമപ്രദേശങ്ങളിൽ ഭൂസർവേ നടത്തുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി സ്വാമിത്വ യോജനയിൽ ഡ്രോണുകളുടെ സൗകര്യം പ്രയോജനപ്പെടുത്തും. ഡ്രോണുകളുടെ സഹായത്തോടെ ഭൂമിയുടെ ഡിജിറ്റൽ മാപ്പിംഗ് നടത്തി ഉടമസ്ഥർക്കു ഡിജിറ്റൽ പ്രോപ്പർട്ടി കാർഡുകൾ നൽകും.
ഡ്രോണുകളുടെ സഹായത്തോടെ ഇതുവരെ രാജ്യത്ത് 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ നൽകിയിട്ടുണ്ട്. വളരെ കാലതാമസം നേരിട്ടിരുന്ന പ്രക്രിയ ഇതോടെ വേഗത്തിലായി. ഡ്രോണുകളുടെ ഉപയോഗത്തിനുണ്ടായിരുന്ന അധിക നിയന്ത്രണങ്ങൾ നീക്കം ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തും ഡ്രോണുകളുടെ സഹായം പ്രയോജനപ്പെടുത്തും. ടെലിമെഡിസിൻ സൗകര്യങ്ങളുടെ ഭാഗമായി വിദൂരപ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി ജനങ്ങൾക്കുൾപ്പെടെ മരുന്നും മറ്റു സേവനങ്ങളും എത്തിക്കുന്നതിനു ഡ്രോണുകൾ ഉപയോഗിക്കാം. കോവിഡ് വാക്സിനുകൾ എത്തിക്കുന്നതിനു രാജ്യത്തു ഡ്രോണുകൾ ഉപയോഗിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഭൂസർവേ നടത്താൻ ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നു പ്രധാനമന്ത്രി
01:09 AM May 28, 2022 | Deepika.com