ന്യൂഡൽഹി: കർണാടക കോണ്ഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെതിരേ എൻഫോഴ്സ്മെന്റ് വകുപ്പിന്റെ പ്രോസിക്യൂഷൻ കംപ്ലെയ്ന്റ് ( കുറ്റപത്രത്തിനു തുല്യം). ശിവകുമാറിനെതിരേ 2018ൽ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇപ്പോൾ ഇഡി പ്രോസിക്യൂഷൻ കംപ്ലെയ്ന്റ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ ജാമ്യമെടുത്തിരിക്കുകയാണ് ശിവകുമാർ.
കേസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറിൽ ഇഡി കർണാടക കോണ്ഗ്രസ് അധ്യക്ഷനെ അറസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം ഡൽഹിയിലെ കർണാടക ഭവനിലെ ഹനുമന്തയ്യ എന്ന ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരു കോടതിയിൽ ആദായനികുതി വകുപ്പു നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരേ ഇഡി കേസെടുത്തത്. നികുതിവെട്ടിപ്പും ഹവാല ഇടപാടുകളുമാണ് ഇവർക്കെതിരെ ആദായനികുതി വകുപ്പു ചുമത്തിയിരുന്ന കുറ്റങ്ങൾ.
2017 രാജ്യസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കർണാടകയിൽ കോണ്ഗ്രസിനു വേണ്ടി നിർണായക പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ട് രാഷ്ട്രീയമായി തന്നെ വേട്ടയാടുകയാണെന്നാണു ശിവകുമാർ പറയുന്നത്. കർണാടകയിലെ 44 കോണ്ഗ്രസ് എംഎൽഎമാർക്ക് തെരഞ്ഞെടുപ്പു കാലത്ത് ഗുജറാത്തിൽ കോണ്ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ റിസോർട്ടിൽ താമസം ഒരുക്കിയത് ഡി.കെ. ശിവകുമാർ ആയിരുന്നു. അതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡുകൾ ആരംഭിച്ചതും കേസെടുത്തതും.
ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2020ൽ ശിവകുമാറിനെതിരേ സിബിഐയും കേസെടുത്തിരുന്നു. 2004 മുതൽ 2018 വരെ കർണാടകയിൽ മന്ത്രിയായിരുന്ന കാലത്തു ശിവകുമാറിന്റെ സ്വത്ത് പതിൻമടങ്ങു കുമിഞ്ഞു കൂടി എന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്.
അക്കാലത്ത് കർണാടക നഗര വികസന, ഉൗർജ മന്ത്രാലയങ്ങൾ അനുമതി നൽകിയ വിവിധ പദ്ധതികൾ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു. മന്ത്രിയായിരുന്ന കാലത്താണ് ശിവകുമാറിന്റെ സ്വത്ത് 800 കോടി രൂപയിലേറെയായി വർധിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കർണാടക നഗരവികസന മന്ത്രാലയത്തിന്റെ പല പദ്ധതികളും ഏറ്റെടുത്തു നടത്തിയിരുന്നത് ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള കന്പനികളാണ്. വൈദ്യുതമന്ത്രിയായിരുന്ന കാലത്തും ശിവകുമാറിന്റെ സ്വത്തിൽ ഗണ്യമായ വർധനയുണ്ടായി. ഇക്കാലത്ത് വൈദ്യുത മന്ത്രാലയം അനുമതി നൽകി നടപ്പാക്കിയ പല പദ്ധതികളും പരിശോധിച്ചു എന്നും ഇഡി വ്യക്തമാക്കുന്നു.
എന്നാൽ, ആരോപണങ്ങളെല്ലാം തന്നെ ശിവകുമാറിന്റെ അഭിഭാഷകനായ പരമാത്മ സിംഗ് നിഷേധിച്ചു. ഇതൊരു രാഷ്ട്രീയ പകപോക്കലാണെന്നും അഭിഭാഷകൻ പറഞ്ഞു.
ഡി.കെ. ശിവകുമാറിനെതിരേ ഇഡി കുറ്റപത്രം
01:38 AM May 27, 2022 | Deepika.com