ന്യൂഡൽഹി: ടോൾ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കാലതാമസം നേരിടുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. പുതിയ പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നതിന് റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്ന് എത്തിയ ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധ സംഘം റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് ഗതാഗത നിയമങ്ങളിലും അനിവാര്യമായ മാറ്റങ്ങൾ വരുത്തണം. ഇത്തരം വെല്ലുവിളികൾ നേരിടുന്നതിനാൽ ടോൾ സംവിധാനത്തിലെ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ രണ്ട് മുതൽ മൂന്നു വർഷംവരെ കാലതാമസം നേരിട്ടേക്കാം എന്നുമാണ് കേന്ദ്ര ഗതാഗത മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വാഹനങ്ങൾ ടോൾ പാതയിലൂടെ സഞ്ചരിക്കുന്ന ദൂരത്തിന്റെ മാത്രം ടോൾ നൽകിയാൽ മതിയാകും. ജിപിഎസ് ഉപയോഗിച്ചാകും വാഹനങ്ങൾസഞ്ചരിച്ച ദൂരം കണക്കാക്കി ടോൾ തുക ഈടാക്കുന്നത്.
ടോൾ പരിഷ്കാരം: കാലതാമസം ഉണ്ടാകുമെന്ന് കേന്ദ്രം
02:13 AM May 05, 2022 | Deepika.com