ന്യൂഡൽഹി: മൂന്നു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുള്ള രാജ്യത്തെ ആദ്യ മൂന്നു സംസ്ഥാനങ്ങളിൽ കേരളവും. നിലവിൽ രാജ്യത്ത് ഏറ്റവും അധികം സജീവ കോവിഡ് കേസുകളുള്ള മൂന്നാമത്തെ സംസ്ഥാനമാണ് കേരളം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് 3,01,269 സജീവ കോവിഡ കേസുകളാണ് കേരളത്തിലുള്ളത്. 3.5 ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുള്ള കർണാടകയാണ് പട്ടികയിൽ ഒന്നാമത്. 3.2 ലക്ഷത്തിൽ അധികം സജീവ കോവിഡ് കേസുകളുള്ള മഹാരാഷ്ട്ര രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 1.78 മടങ്ങ് വർധനയാണ് കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. കർണാടകയിൽ ഇത് 1.34 മടങ്ങും മഹാരാഷ്ട്ര യിൽ 1.13 മടങ്ങുമാണ്. രോഗവ്യാപന നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിൽ കണ്ടെയ്ൻമെന്റ് നടപടികൾ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപെടുത്തുന്നതിനു നിർദേശങ്ങൾ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 400 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനു മുകളിലാണ്. ഇതിൽ കേരളത്തിലെ 14 ജില്ലകളും ഉൾപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകളിൽ 13.68 ശതമാനം വർധനയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ പൂന ജില്ല കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്ന ജില്ലകളിൽ യഥാക്രമം എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളും ഉൾപ്പെടുന്നു.
സജീവ കോവിഡ് കേസുകളിൽ മുൻപന്തിയിൽ കേരളവും: ആശങ്കയറിയിച്ച് കേന്ദ്രം
01:26 AM Jan 28, 2022 | Deepika.com