ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അഭ്യാസ പ്രകടനങ്ങളിൽ ശ്രദ്ധേയമാണ് അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) ബുള്ളറ്റ് സംഘത്തിന്റെ അഭ്യാസ പ്രകടനങ്ങൾ. ഇന്ന് ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി അതിർത്തി സുരക്ഷാ സേനയിലെ വനിതാ ബുള്ളറ്റ് സംഘമായ സീമ ഭവാനി അഭ്യാസങ്ങൾ കാഴ്ചവയ്ക്കാൻ ഒരുങ്ങുന്പോൾ കേരളത്തിനും അഭിമാനിക്കാൻ വകയുണ്ട്. കേരളത്തിന്റെ അഭിമാനമായി പി. ജയന്തിയും 108 അംഗ വനിത ബുള്ളറ്റ് സംഘത്തിൽ ഉണ്ടാകും.
കഴിഞ്ഞ നാലു വർഷമായി അതിർത്തി സുരക്ഷാ സേനയിലെ കോണ്‍സ്റ്റബിൾ റാങ്കിൽ ജോലി ചെയുന്ന കൊല്ലം സ്വദേശി പി.ജയന്തി ഏറെ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് സീമ ഭവാനി ബുള്ളറ്റ് സംഘത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിന പരിപാടികളിൽ പങ്കെടുക്കുന്നത്.
108 അംഗ ബൈക്കിംഗ് സംഘത്തിലെ ഏക മലയാളി സാന്നിധ്യമാണ് പി.ജയന്തി. ഏഴു മാസങ്ങൾ നീണ്ട കഠിന പരിശീലനങ്ങൾക്ക് ഒടുവിലാണ് ജയന്തി രാജ്യത്തിന്റെ ചരിത്ര നിമിഷത്തിന്റെ ഭാഗമാകുന്നത്. കുട്ടിക്കാലം മുതൽ സൈന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ച ജയന്തി ആദ്യമായി ബുള്ളറ്റ് ഓടിക്കുന്നത് കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർഥി ആയിരിക്കുന്പോഴാണ്. കൊല്ലം ശാസ്താംകോട്ടയിലെ ജയദേവൻ പിള്ളയുടെയും പത്മിനിയുടെയും മകളാണ് ജയന്തി.
രാഹുൽ ഗോപിനാഥ്
റിപ്പബ്ലിക് ദിനാഘോഷം: മികവിന്റെ പ്രകടനങ്ങളിൽ മലയാളി വനിതയും
01:49 AM Jan 26, 2022 | Deepika.com