ന്യൂഡൽഹി: ഒളിംപ്യൻ ബോക്സിംഗ് താരം മേരി കോം കുട്ടികൾക്കാകെ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ദേശീയബാലപുരസ്കാര ജേതാവ് താരുഷി ഗൗർ. ജീവിതത്തിലെ കഷ്ടപ്പാടുകളെ മറികടക്കുന്നതിലും ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കാക്കുന്നതിലും മേരി കോം പകർന്ന മാതൃക ശ്രദ്ധേയമാണെന്നു ചണ്ഡീഗഡ് സ്വദേശിനിയായ താരുഷി ചൂണ്ടിക്കാട്ടി.
തയ്കുവോൻഡോയിൽ ഒന്നും രണ്ടും ഡിഗ്രി ബ്ലാക് ബെൽറ്റ് നേടിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാലികയുടെ മറുപടി പ്രധാനമന്ത്രിയുടെ പ്രത്യേക ശ്രദ്ധ നേടി. പഠനവും സ്പോർട്സും ഒരു പോലെ പ്രധാനപ്പെട്ടതാണെന്നായിരുന്നു താരുഷിയുടെ ആദ്യ പ്രതികരണം. ഇതേക്കുറിച്ചു വിശദീകരിക്കാമോ എന്നായി മോദി. ഇന്ത്യയിലെ കുട്ടികൾ രാജ്യത്തിന് അഭിമാനമാകണമെങ്കിൽ പഠനവും കായികപരിശീലനവും ഒന്നിച്ചു വേണമെന്നു താരുഷി പറഞ്ഞു. ഇക്കാര്യത്തിൽ മേരി കോം കുട്ടികൾക്കാകെ മാതൃകയാണ്.
‘തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉൾക്കൊള്ളുന്ന മേരി കോം, ബുദ്ധിമുട്ടുകൾ എങ്ങനെ കീഴടക്കരുതെന്നു നമ്മെ പഠിപ്പിക്കുന്നു. വളരെ മികച്ച കായിക താരമാണ് അവർ. ഒരു നല്ല ബിംബവും (ഐക്കണ്‍) ഒപ്പം അമ്മയും ഭാര്യയും ആണ്’ -താരുഷി ഗൗർ പറഞ്ഞു.
ഇന്ത്യക്ക് അഭിമാനം ആകുന്നതിനായാണു താൻ അച്ചടക്കം പാലിക്കുന്നതിൽ ശ്രദ്ധിക്കുന്നതെന്നും താരുഷി പറഞ്ഞു.
മേരി കോം മാതൃക: മോദിയോട് ബാലിക
02:07 AM Jan 25, 2022 | Deepika.com