ലക്നോ: രാജ്യത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനെന്നു വിശേഷിപ്പിക്കപ്പെടുന്നയാൾ സമാജ്വാദി പാർട്ടിയിൽ ചേർന്നു. എട്ടടി ഒരിഞ്ച് പൊക്കമുള്ള പ്രതാപ്ഗഡ് സ്വദേശി ധർമേന്ദ്ര പ്രതാപ് സിംഗാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്പിയിൽ ചേർന്നത്.
ശനിയാഴ്ചയാണു പ്രതാപ് സിംഗ് സമാജ്വാദി പാർട്ടി അംഗത്വം സ്വീകരിച്ചത്. ലക്നോവിൽ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു രാഷ്ട്രീയപ്രവേശം. അഖിലേഷിനൊപ്പം പ്രതാപ്സിംഗ് നിൽക്കുന്ന ചിത്രങ്ങൾ പാർട്ടി ഔദ്യോഗിക അക്കൗണ്ടിൽനിന്നു ട്വീറ്റ് ചെയ്തു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും സമാജ്വാദി പാർട്ടിയുടെ നയങ്ങളിലും ആകൃഷ്ടനായാണു പാർട്ടി അംഗത്വമെടുത്തതെന്നു പ്രതാപ് സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി അധ്യക്ഷൻ തീരുമാനിക്കുമെന്നും പ്രതാപ് സിംഗ് പ്രതികരിച്ചു.
രാജ്യത്തെ ഏറ്റവും ഉയരമുള്ള മനുഷ്യൻ എസ്പിയിൽ
01:32 AM Jan 24, 2022 | Deepika.com