ലക്നോ: യുപിയിൽ നിലനിൽപ്പിനായുള്ള പോരാട്ടം നടത്തുന്ന കോൺഗ്രസ് ഇത്തവണ മത്സരിപ്പിക്കുന്നത് 70 ശതമാനത്തിലേറെ പുതുമുഖങ്ങളെ. 166 സ്ഥാനാർഥികളെയാണു പാർട്ടി ഇതുവരെ പ്രഖ്യാപിച്ചത്. ഇതിൽ 119 പേർ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നവരാണ്. കോൺഗ്രസിന്റെ ആകെ സ്ഥാനാർഥികളിൽ 40 ശതമാനം വനിതകളുമാണ്.
ആദ്യ പട്ടികയിലെ 125 സ്ഥാനാർഥികളിൽ 26 പേർ മുപ്പത്തിയഞ്ചു വയസിൽ താഴെ പ്രായമുള്ളവരാണ്. ഉന്നാവ് കേസിലെ അതിജീവിതയുടെ അമ്മ(55), സിഎഎ ആക്ടിവിസ്റ്റും കോൺഗ്രസ് വക്താവുമായ സദഫ് ജാഫർ, ആഷാ വർക്കറും ആക്ടിവിസ്റ്റുമായ പൂനം പാണ്ഡെ, ആദിവാസികൾക്കായി പോരാട്ടം നടത്തുന്ന രാം രാജ് ഗോണ്ട് എന്നീ കോൺഗ്രസ് സ്ഥാനാർഥികളെല്ലാം ആദ്യമായി മത്സരിക്കുന്നവരാണ്. സാമൂഹ്യപ്രവർത്തക ഭാവന വാൽമീകി, യാസ്മിൻ റാണ, സൽമ ആഗ അൻസാരി, കൽപ്പന സിംഗ്, നഫീസ് സെയ്ഫി, സുഖ്വിന്ദർ കൗർ, റിതു സിംഗ്, പൂനം പണ്ഡിറ്റ്, സപ്ന ചൗധരി, അർച്ചന ഗൗതം തുടങ്ങിയ വനിതാ സ്ഥാനാർഥികളെല്ലാം കന്നി അങ്കം കുറിക്കാൻ ഒരുങ്ങുകയാണ്.
2017ൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴു സീറ്റാണ് കിട്ടിയത്. ഇതിൽ രണ്ടു പേർ ബിജെപിയിൽ ചേർന്നു.
യുപിയിൽ 70% പുതുമുഖങ്ങളെ അവതരിപ്പിച്ച് കോൺഗ്രസ്
01:32 AM Jan 24, 2022 | Deepika.com